
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനെ പുകഴ്ത്തി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതം, രാമായണം എന്നീ സീരിയലുകളേക്കാള്‍ പ്രശസ്തി മന്‍ കി ബാത്തിന് കൈവന്നിരിക്കുന്നുവെന്നാണ് സാഹ അഭിപ്രായപ്പെട്ടത്.
മന്‍ കി ബാത്തിന്റെ 108ാം എപ്പിസോഡ് കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ഡലമായ ബര്‍ദോവലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് ത്രിപുര മുഖ്യമന്ത്രി മന്‍ കി ബാത്ത് കേള്‍ക്കാന്‍ എത്തിയത്. ''നമുക്കറിയാം പണ്ട് കാലത്ത് നമ്മുടെ വീട്ടിലെ അമ്മമാരും സഹോദരിമാരും മഹാഭാരതവും രാമായണവും കാണുവാനായി ഞായറാഴ്ച ദിവസം ടിവിക്ക് മുന്നിലേക്ക് ഓടുമായിരുന്നു.
എന്നാല്‍ ഇന്ന് എല്ലാ മാസത്തേയും അവസാന ഞായറാഴ്ച അവരെല്ലാം കാത്തിരിക്കുന്നത് മോദിജിയുടെ മന്‍ കി ബാത്ത് കേള്‍ക്കാനാണ്.''- മണിക് സാഹ പറഞ്ഞു. പണ്ട്കാലത്ത് ടിവിയില്‍ മഹാഭാരതം കാണാന്‍ ഓടിപ്പോയിരുന്ന സ്ത്രീകളെ ആളുകള്‍ കുറ്റപ്പെടുത്തുകയും ശാസിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് വിമര്‍ശിക്കുന്നവര്‍ പോലും മന്‍ കി ബാത്ത് കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്‍ കി ബാത്തിനെ വിമര്‍ശിക്കുന്നതിലൊന്നും ഒരു കാര്യവുമില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജനത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ആര്‍ ചോപ്രയുടെ മഹാഭാരത് (1988), രാമാനന്ദ് സാഗറിന്റെ രാമായണം (1987) എന്നിവ ദൂരദര്‍ശനിലാണ് സംപ്രേഷണം ചെയ്തിരുന്നത്.