
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ സേവനവും ഓൺലൈനായി ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് സർക്കാരിന്റെ പുതുവർഷ സമ്മാനമാണെന്നും ഇന്നുമുതൽ എല്ലാ നഗരസഭകളിലും നിലവിൽ വരുമെന്നും മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
ഏപ്രിൽ ഒന്നുമുതൽ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ പ്രാദേശിക സർക്കാരുകളുടെ സേവനങ്ങൾ പൂർണമായും ഓൺലൈനാകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകും കേരളം.
ആദ്യഘട്ടത്തിൽ ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ, വസ്തു നികുതി, കെട്ടിട നിർമ്മാണ അനുമതി, യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളായിരിക്കും കെ-സ്മാർട്ടിലൂടെ ലഭ്യമാവുക.കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ തൽസ്ഥിതി ഓൺലൈനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്ക് നേരിട്ടെത്താതെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാവും. വീഡിയോ കെ.വൈ.സിയിലൂടെ വിവാഹ രജിസ്‌ട്രേഷൻ ആവശ്യമായ രേഖകൾ ഓൺലൈനിൽ സമർപ്പിച്ച് ലോകത്ത് എവിടെയിരുന്നും ചെയ്യാം.
ജി.ഐ.എസ് സാങ്കേതികവിദ്യ യുടെ സഹായത്തോടെ നിമിഷങ്ങൾക്കുള്ളിൽ കെട്ടിട നിർമ്മാണ പെർമ്മിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാവും. കെ-സ്മാർട്ടിലെ നോ യുവർ ലാൻഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുക എന്ന് പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും.
അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള തലങ്ങളുടെ എണ്ണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറയുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.