
തിരുവനന്തപുരം : ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ നീന്തൽ മത്സരങ്ങൾക്കുള്ള കേരള ടീമിന് കേരള എക്സ്പ്രസിസിൽ ദുരിതയാത്ര. പുതുവത്സരരാവിൽ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് തിരിയാൻ പോലുമാകാതെയാണ് 28 നീന്തൽ താരങ്ങളും പരിശീലകരും ടീം മാനേജരും ഉൾപ്പടുന്ന സംഘം ഇന്നലെ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ചത്. യാത്രയ്ക്കായി സ്പെഷ്യൽ ബോഗിക്കായി റെയിൽവേയ്ക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അത് അനുവദിക്കാത്തിനെത്തുടർന്നാണ് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യേണ്ടിവന്നത്.
അണ്ടർ -14,17,19 വിഭാഗത്തിലെ മത്സരങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. ഒരു മാസം മുമ്പാണ് മത്സരങ്ങളുടെ നോട്ടിഫിക്കേഷൻ വന്നത്. അന്നുതന്നെ സ്ളീപ്പർ ക്ളാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും കൺഫേം ആയിരുന്നില്ല. യാത്രാതീയതി അടുത്തപ്പോളും ബർത്ത് കൺഫേം ആകാത്തതിനെത്തുടർന്നാണ് സ്പെഷ്യൽ ബോഗിക്കായി അപേക്ഷ നൽകിയത്. ചില ട്രെയിനുകൾ റദ്ദാക്കിയത് ഉൾപ്പടെയുള്ള കാരണങ്ങൾകൊണ്ടാണ് ബർത്ത് കൺഫേമാകാത്തത് എന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.
സ്പെഷ്യൽ ബോഗിക്കായുള്ള അപേക്ഷയിൽ റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കാൻ വൈകിയതോടെയാണ് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യേണ്ടിവന്നത്.ഇതിന്റെ ബുദ്ധിമുട്ടറിഞ്ഞത് കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പടെയുള്ളവരാണ്. യാത്രതുടങ്ങിയതുമുതൽ പുതുവത്സരം പ്രമാണിച്ച് നല്ല തിരക്കായിരുന്നു ജനറൽ കമ്പാർട്ട്മെന്റിൽ. സീറ്റിൽ തിങ്ങിനിറഞ്ഞിരുന്ന് യാത്ര ചെയ്യേണ്ടിവന്ന കുട്ടികൾ ബാത്ത്റൂമിലേക്ക് പോയാൽ സീറ്റ് നഷ്ടപ്പെടുമെന്ന് വന്നതോടെ ശരിക്കും ബുദ്ധിമുട്ടി.
കുട്ടികൾ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതോടെ വിദ്യാഭ്യാസവകുപ്പ് അധികൃതരും സ്ളീപ്പർ കോച്ചുകളിൽ ടിക്കറ്റ് ലഭ്യമാക്കാൻ ഉന്നതതലത്തിൽ സമ്മർദ്ദം ചെലുത്തിത്തുടങ്ങി. പാലക്കാട് എത്തുമ്പോൾ കുറച്ച് ബർത്തുകളെങ്കിലും ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ആദ്യം. എന്നാൽ അതുണ്ടായില്ല. രാത്രിയോടെ കോയമ്പത്തൂരിൽ നിന്ന് ബർത്ത് ലഭ്യമാക്കാനുള്ള ശ്രമങ്ങളും വിഫലമായതോടെ പുതുവത്സരരാവിൽ സ്വസ്ഥമായൊന്ന് ഇരിക്കാൻ പോലുമാകാതെ കുരുന്ന് താരങ്ങൾ ബുദ്ധിമുട്ടി. ഇവർ രണ്ടര ദിവസത്തെ യാത്ര കഴിഞ്ഞ് ഡൽഹിയിലെത്തുമ്പോൾ നീന്താൻ പോയിട്ട് നടക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾ.
പ്രതീക്ഷ വിജയവാഡയിലെ പ്രിമിയം തത്കാലിൽ
സ്ളീപ്പർ ബർത്ത് ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഇന്ന് രാവിലെ വിജയവാഡയിലെത്തുമ്പോൾ പ്രിമിയം തത്കാൽ ടിക്കറ്റ് എങ്കിലും തരപ്പെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിനായി അത്‌ലറ്റിക്സ് ടീമിനൊപ്പം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവരികയായിരുന്ന ടീമിലെ രണ്ട് ഒഫിഷ്യൽസിനോട് വിജയവാഡയിലിറങ്ങാൻ ആവശ്യപ്പെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് സ്പോർട‌്സ് ഓർഗനൈസർ ഹരീഷ് കേരള കൗമുദിയോട് പറഞ്ഞു. കേരളത്തിൽ നിന്നുള്ള എം.പിമാർ വഴി എമർജൻസി ക്വാട്ട അനുവദിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
യാത്ര ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ്
ദേശീയ സ്കൂൾ കായിക മത്സരങ്ങൾക്കുള്ള കേരള ടീമുകളുടെ യാത്ര ഒരുക്കേണ്ടത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഡി.പി.ഐ ഓഫീസിലെ സ്പോർട്സ് വിഭാഗമാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ഒരുവർഷം ഏകദേശം 50ഓളം ടീമുകളെയാണ് വിവിധ കായിക മത്സരങ്ങൾക്കായി അയയ്ക്കേണ്ടത്. മത്സരങ്ങളുടെ നോട്ടിഫിക്കേഷൻ വന്നാൽ പിറ്റേന്നുതന്നെ സ്ളീപ്പർ ക്ളാസ് ട്രെയിൻ ടിക്കറ്റ്ളബുക്ക് ചെയ്യാറുണ്ടെന്ന് സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷ് പറഞ്ഞു. ഉത്സവാഘോഷ സമയങ്ങളിലും റെയിൽവേ സർവീസ് റദ്ദാക്കുന്നതുപോലെ പ്രശ്നങ്ങൾ ഉണ്ടാകുന്നവേളയിലും ടിക്കറ്റുകൾ കൺഫേം ആകാതെവരാറുണ്ട്. അപ്പോൾ എം.പിമാരുമായി ബന്ധപ്പെട്ട് എമർജൻസി ക്വാട്ടയ്ക്കോ സ്പെഷ്യൽ ബോഗിക്കോ ശ്രമിക്കും. ഇത്തവണ ഉത്തരേന്ത്യയിൽ അത്‌ലറ്റിക്സിന് പോയ കേരള ടീമിന് തിരികെവരാൻ സ്പെഷ്യൽ ബോഗി സംഘടിപ്പിച്ചത് ജോൺ ബ്രിട്ടാസ് എം.പിയുടെ പരിശ്രമഫലമായായിരുന്നു.
സീനിയേഴ്സിനും
രക്ഷയില്ല
സ്കൂൾ കുട്ടികൾക്ക് മാത്രമല്ല കേരളത്തിന്റെ സീനിയർ താരങ്ങൾക്ക് വരെ ദേശീയ ചാമ്പ്യൻഷിപ്പുകൾക്കുള്ള യാത്രകൾ ദുരിത പൂർണമാണ്. കഴിഞ്ഞമാസം അമൃത്സറിലെ ദേശീയ ചാമ്പ്യൻഷിപ്പുകഴിഞ്ഞ് മടങ്ങിയ കേരള സീനിയർ വനിതാ ബാസ്കറ്റ് ബാൾ ടീമിന് സ്ളീപ്പർ കോച്ചിൽപോലും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഒരു മാസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. ന്യൂ ഇയർ സമയവും ചില ട്രെയിനുകൾ റദ്ദാക്കിയതും ഉൾപ്പടെയുള്ള പ്രശ്നങ്ങളും കാരണം ടിക്കറ്റ് കൺഫേമായില്ല. മന്ത്രിമാരും എം.പിമാരുമായൊക്കെ ബന്ധപ്പെട്ട് ബർത്ത് ലഭിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തുന്നുണ്ട്. വിജയവാഡയിൽ നിന്ന് പ്രിമിയർ തത്കാൽ ടിക്കറ്റുകൾ എങ്കിലും ലഭിക്കും എന്നുതന്നെയാണ് പ്രതീക്ഷ.
- ഹരീഷ് , സ്കൂൾ സ്പോർട്സ് ഓർഗനൈസർ.