child-attack

തുറവൂർ : ഒന്നര വയസുകാരനെ അമ്മയുടെ ആൺ സുഹൃത്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് തുറവൂർ തൈവെളിയിൽ വീട്ടിൽ ബിജുവിന്റെയും ദീപയുടെയും മകൻ കൃഷ്ണജിത്തിനാണ് ദേഹമാസകലം പരിക്കേറ്റത്. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരം മുഴുവൻ ചൂരലു കൊണ്ട് അടിച്ച പാടുകളുണ്ട്. ഇടത് കൈയുടെ അസ്ഥിക്ക് പൊട്ടലുമുണ്ട്.

പൊലീസ് പറയുന്നത് : ആലപ്പുഴ തോണ്ടൻ കുളങ്ങര സ്വദേശി ദീപ രണ്ട് മാസമായി ബിജുവിൽ നിന്നകന്ന് ആൺസുഹൃത്തായ ചേർത്തല തിരുവിഴ സ്വദേശി കൃഷ്ണകുമാറുമൊത്ത് വാടക വീട്ടിലാണ് കുട്ടിയുമായി കഴിഞ്ഞിരുന്നത്. മർദ്ദനമേറ്റ കുട്ടിയെ ശനിയാഴ്‌ച വൈകിട്ടോടെ കൃഷ്ണകുമാറാണ് ബിജുവിന്റെ വീട്ടിൽ കൊണ്ടുവന്നത്. ബിജുവിന്റെ പ്രായമായ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയെ ബിജുവിനെ നേരിട്ട് ഏൽപ്പിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ അടുക്കള ഭാഗത്ത് ഉപേക്ഷിച്ച് കൃഷ്ണകുമാർ കടന്നു. രാത്രിയോടെ ജോലി കഴിഞ്ഞ് ബിജു എത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്തെ പരിക്ക് ശ്രദ്ധിച്ചത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ കുട്ടിക്ക് മുമ്പും മർദ്ദനമേറ്റതായി വ്യക്തമായി. വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ദീപയും മർദ്ദിച്ചതായി സൂചനയുണ്ട്. ദീപയെ ഒന്നാം പ്രതിയാക്കിയും കൃഷ്‌ണകുമാറിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. ഒളിവിൽപ്പോയ ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.