
പുതുവത്സരത്തലേന്ന് ഫുൾഹാമിനോട ് 1-2ന്റെ തോൽവി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനിറങ്ങിയ ആഴ്സനലിന് പുതുവത്സരത്തലേന്ന് ഫുൾഹാമിൽ നിന്ന് ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതോടെ ആഴ്സനൽ പുതുവർഷത്തിൽ നാലാം സ്ഥാനത്തേക്ക് വീണു. ആഴ്സനലിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. വെള്ളിയാഴ്ച വെസ്റ്റ് ഹാമിനോട് 2-0ത്തിന് തോറ്റിരുന്നു.
ഇന്നലെ ഫുൾഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ ബുക്കായോ സാക്കയിലൂടെ സ്കോർ ചെയ്ത് മുന്നിലെത്തിയെങ്കിലും ആഴ്സനലിനെ കാത്തിരുന്നത് തോൽവിയായിരുന്നു. 29-ാം മിനിട്ടിൽ റൗൾ ജിമിനെസിലൂടെയാണ് ഫുൾഹാം സമനില പിടിച്ചത്. 59-ാം മിനിട്ടിൽ ബോബി ഡി കോർദോവ റെയ്ഡാണ് ഫുൾഹാമിന്റെ വിജയഗോളടിച്ചത്. അവസാന സമയങ്ങളിൽ സമനിലയെങ്കിലും നേടാനായി ആഴ്സനൽ പൊരുതിയപ്പോൾ കളി പലപ്പോഴും കയ്യാങ്കളിയിലേക്ക് നീങ്ങി.
20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ആഴ്സനൽ 2023 അവസാനിപ്പിച്ചിരിക്കുന്നത്. 19 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. 20 കളികളിൽ നിന്ന് 42 പോയിന്റുമായി ആസ്റ്റൺ വില്ല രണ്ടാം സ്ഥാനത്തും 19 കളികളിൽ 40 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമുണ്ട്.