vm-ks

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. സുധീരന്റെ പ്രസ്താവനകളെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ശനിയാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ വച്ചാണ് തേതൃത്വത്തിനെതിരെ സുധീരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ കൂടിയാലോചനകളുണ്ടാകുന്നില്ലെന്നും നേതൃത്വം പൂര്‍ണപരാജയമാണെന്നും സുധീരന്‍ പറഞ്ഞിരുന്നു.

നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല മറിച്ച് തങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ അഞ്ച് ഗ്രൂപ്പുകളായെന്നും സുധീരന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തുറന്നടിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പങ്കെടുത്ത യോഗത്തിലായിരുന്നു സുധീരന്റെ വിമര്‍ശനം.

കെപിസിസിയില്‍ നേതൃമാറ്റമുണ്ടായപ്പോള്‍ അതിനെ പിന്തുണച്ച വ്യക്തിയാണ് താനെന്നും എന്നാല്‍ കൂട്ടായ പ്രവര്‍ത്തനമുണ്ടാകാതെ വന്നപ്പോള്‍ അത് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും സുധീരന്‍ പറയുന്നു. എന്നാല്‍ താന്‍ ഇക്കാര്യം പറഞ്ഞിട്ടും സുധാകരനുള്‍പ്പെടെയുള്ളവരുടെ നിലപാടില്‍ മാറ്റം വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പാര്‍ട്ടി വിട്ടുവെന്ന് സുധാകരന്‍ പറയുന്നു. അങ്ങനെയൊരു കാര്യം ഞാന്‍ അദ്ദേഹത്തെ അറിയിച്ചിട്ടില്ല. മുമ്പ് പറഞ്ഞ പല കാര്യങ്ങളും തിരുത്തി പറഞ്ഞ സുധാകരന് ഇതും തിരുത്തേണ്ടിവരുമെന്ന് സുധീരന്‍ മറുപടി നല്‍കി.

കെപിസിസി യോഗത്തില്‍ വെച്ച് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് സുധാകരന് മറുപടിയുണ്ടെങ്കില്‍ അത് അവിടെതന്നെ പറയുന്നതായിരുന്നു ശരിയായ രീതിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി. അമേരിക്കയില്‍ ചികിത്സയ്ക്കായി യാത്ര തിരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സുധാകരന്‍ സുധീരനെ തള്ളി രംഗത്ത് വന്നത്.