
അടുക്കളയിലെ സ്ഥിരസാന്നിദ്ധ്യമാണ് കറിവേപ്പില. വീട്ടിലെ തൊടിയിലും നട്ടുവളർത്താവുന്ന കറിവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങൾക്കൊപ്പം സൗന്ദര്യ ഗുണവും ഏറെയാണ്. മുടിയുടെ ആരോഗ്യത്തിനായി പണ്ടുമുതൽക്കു തന്നെ കറിവേപ്പില ഉപയോഗിച്ചു വരുന്നുണ്ട്. മുടി കൊഴിച്ചിൽ മുതൽ അകാല നര വരെ അകറ്റാൻ കറിവേപ്പില ഫലപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ബിയും മുടിയുടെ സ്വാഭാവിക നിറം നിലനിറുത്തുന്നു,.മുടിയുടെ സ്വാഭാവിക പിഗ്‌മെന്റ് പുനഃസ്ഥാപിക്കാനും നരച്ച മുടി കറുപ്പിക്കാനും ഇത് സഹായിക്കുന്നു.
പ്രോട്ടീനുകളാൽ സമൃദ്ധമായ കറിവേപ്പില മുടിയുടെ വളർച്ചയ്ക്കും സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിനും അമിനോ ആസിഡുകളും മുടികൊഴിച്ചിൽ അകറ്റാനും ഫോളിക്കിളുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. നര അകറ്റുന്നതിന് കറിവേപ്പിലയോടൊപ്പം നെല്ലിക്ക പൊടിയും ചേർത്ത് ഉപയോഗിക്കാം. കറിവേപ്പില ഒരു പിടിയെടുത്ത് കഴുകി വെള്ളവുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിനോടൊപ്പം നെല്ലിക്കാപൊടിയും ചേർത്ത് മുടിയിഴകളിൽ പുരട്ടുക. 30 മിനിട്ടെങ്കിലും മുടിയിൽ ഈ മിശ്രിതം നിലനിറുത്താൻ അനുവദിക്കണം, തുടർന്ന് മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക.
വെളിച്ചെണ്ണ ചൂടാക്കി അതിൽ കറിവേപ്പിലയും ഉള്ളിനീരും ചേർത്ത് തണുപ്പിച്ച് ഉപയോഗിക്കുന്നത് താരൻ അകറ്റുന്നതിന് ഫലപ്രദമാണ്. കറിവേപ്പിലയിലെ ആന്റി ബാക്ടീരിയൽ , ആന്റി ഫംഗൽ ഗുണങ്ങളാണ് ഇതിന് സഹാ.യിക്കുന്നത്. രണ്ടു സ്പൂൺ കറ്റാർവാഴ ജെല്ലും കറിവേപ്പിലയുടെ നീരും മിക്സ്‌ചെയ്ത ഹെയർമാസ്‌ക് തലയിൽ തേച്ച് 20 മിനിട്ട് നിലനിറുത്തുക. താരൻ അകറ്റുന്നതിന് ഫലപ്രദമായ മാർഗങ്ങളിലൊന്നാണിത്.