വേങ്ങര: ബീഹാർ മുജഫർപൂരിൽ നിന്നുള്ള ഹിന്ദി പ്രസിദ്ധീകരണമായ എം.എസ്.കേസരി പബ്ലിക്കേഷൻ നടത്തിയ ഹിന്ദി കവിതാ രചന മത്സരത്തിൽ ഊരകം സ്വദേശി സനൽ കക്കാടിന് ഒന്നാം സമ്മാനം. 'നയെ സുബഹ്' എന്ന കവിതക്കാണ് സമ്മാനം ലഭിച്ചത്. കേരളത്തിൽ നിന്നും മൂന്ന് പേരടക്കം 79 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.'രാഷ്ട്ര സ്തരീയ് ലോക പ്രിയ് സമ്മാൻ 2023 ' നോടൊപ്പം സ്വതന്ത്രമായി സ്വന്തം പേരിൽ ഒരു പുസ്തകം ഇറക്കാനുള്ള അവസരവും ഒന്നാം സമ്മാനത്തിന്റെ ഭാഗമായി സനലിന് ലഭിച്ചിട്ടുണ്ട്. ഹിന്ദി കവിതാ രചനയിൽ നിരവധി സമ്മാനങ്ങൾ നേടിയ സനൽ രണ്ടു മാസം മുമ്പാണ് തന്റെ ആദ്യ കവിതാ സമാഹാരമായ 'ദീപക് ജൽത്തേ ഹേ' പുറത്തിറക്കിയത്. കുന്നുംപുറം വാളക്കുട സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനാണ് സനൽ കക്കാട്.