k

മൂന്ന് കോണി കയറി ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര,​ ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോഴെല്ലാം മുസ്‌ലിം ലീഗ് കാണുന്ന സ്വപ്നമാണിത്. പകലിലെ സ്വപ്നം ഫലിക്കുമെന്നാണ് വയ്പ്. ഇത്തവണ മൂന്നാം സീറ്റെന്ന ആവശ്യം പകൽവെളിച്ചത്തിൽ തന്നെ പറയാനാണ് ലീഗിന്റെ തീരുമാനം. നവംബർ 23ന് ഡൽഹിയിൽ നടന്ന യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി യോഗം മൂന്നാം സീറ്റെന്ന ആവശ്യത്തിൽ പ്രമേയവും പാസാക്കിയിട്ടുണ്ട്. ലീഗിന്റെ സിറ്റിംഗ് സീറ്റുകളായ മലപ്പുറത്തും പൊന്നാനിയും സ്ഥിരമായി തല മുതി‌ർന്ന നേതാക്കളാണ് മത്സരിക്കുന്നത്. ലോക്‌സഭയെ പുറമെ നിന്ന് കാണാനുള്ള ഭാഗ്യമല്ലാതെ ഇതുവരെ ഒന്ന് അകത്ത് കയറാൻ യൂത്ത് ലീഗ് ദേശീയ നിരയിൽ ഉള്ളവർക്ക് പോലും സാധിച്ചിട്ടില്ല. മൂന്നാം സീറ്റ് കിട്ടിയാൽ കോണി വഴി ലോ‌ക്‌സഭ കാണാമെന്ന് യൂത്ത് ലീഗ് നേതാക്കൾ മോഹിച്ചാൽ കുറ്റം പറയാൻ പറ്റില്ല. യൂത്ത് ലീഗിന്റെ പ്രമേയം നിഷ്കളങ്കമല്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മൂന്നാം സീറ്റെന്ന ആവശ്യം യു.ഡി.എഫിൽ ഉന്നയിക്കുമെന്ന് പറയാതെ പറയാൻ ഈ പ്രമേയത്തിലൂടെ മുസ്‌ലിം ലീഗിനും സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് വയനാട്, പാലക്കാട്, കാസർക്കോട് സീറ്റുകളിൽ ഒന്ന് ചോദിക്കണമെന്ന ആവശ്യം ലീഗിൽ ശക്തമായിരുന്നു. അന്നത്തെ സംസ്ഥാന പ്രസിഡന്റായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ഇക്കാര്യം ചർച്ച ചെയ്യാനായി പ്രത്യേക യോഗവും ചേർന്നു. ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങളാണ് ആദ്യം ഈ ആവശ്യം പരസ്യമായി ഉന്നയിച്ചത്. അർഹതപ്പെട്ട സീറ്റ് ചോദിക്കാൻ ലീഗ് എന്തിന് മടിക്കുന്നു എന്നായിരുന്നു മുഈനലിയുടെ ചോദ്യം. യു.ഡി.എഫ് യോഗത്തിൽ പാർട്ടി സീറ്റ് ചോദിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീറും വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നുവരവും കേന്ദ്രത്തിൽ യു.പി.എയുടെ തിരിച്ചുവരവിന് ശക്തി കൂട്ടാൻ കോൺഗ്രസിന് കൂടുതൽ എം.പിമാർ വേണമെന്ന ആവശ്യവും കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷത്തിന് കോട്ടം തട്ടിക്കേണ്ടെന്ന ചിന്തയിലും അന്ന് മൂന്നാം സീറ്റിൽ നിന്ന് ലീഗ് പിൻവലിഞ്ഞു.

ഇത്തവണ പൊന്നാനിയിലെ കാര്യങ്ങൾ അത്ര പന്തിയല്ലെന്നതിനാലും സി.പി.എമ്മുമായുള്ള സഹകരണത്തിൽ താൻ പറ‌ഞ്ഞ കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകരെ മുറിവേൽപ്പിച്ചെന്ന വിലയിരുത്തലും മൂലം ഇ.ടി.മുഹമ്മദ് ബഷീ‌ർ മൂന്നാം സീറ്റെന്ന ആവശ്യം ആദ്യം പരസ്യമായി ഉന്നയിക്കാൻ ഇടയില്ല. അഞ്ചാം മന്ത്രിയെ ചോദിച്ചതിലൂടെ യു.ഡി.എഫിനേറ്റ പരിക്ക് മുന്നിലുള്ളതിനാൽ മൂന്നാം സീറ്റിന് വേണ്ടി വാശി പിടിക്കാൻ ലീഗും തയ്യാറാവില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന സൂചന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവ‌ർ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാടിൽ എത്തിയ രാഹുൽ ഗാന്ധി വയനാട് തന്റെ വീടാണെന്ന് കൂടി വ്യക്തമാക്കിയത് വീണ്ടും മത്സരിക്കും എന്നതിന്റെ സൂചകവുമായി. ഇതോടെ വയനാട് ലീഗിന്റെ മൂന്നാം സീറ്റിന്റെ ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട്. വടകര, കാസർക്കോട്, കണ്ണൂർ, കോഴിക്കോട് സീറ്റുകളിൽ ഒന്ന് കിട്ടിയാൽ ജയിക്കാനാവും എന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. വടകരയിൽ സിറ്റിംഗ് എം.പി കെ.മുരളീധരൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചാൽ ലീഗ് അവകാശവാദം ഉന്നയിക്കില്ല. മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം ന്യായമാണെന്ന് പരസ്യമായി പലവട്ടം വ്യക്തമാക്കിയ കെ.മുരളീധരനോട് ലീഗിന് പ്രത്യേക മമതയുണ്ട്. യു.ഡി.എഫ് മുന്നണിയിലെ വിവാദങ്ങളിൽ എപ്പോഴും ലീഗിനൊപ്പം നിലയുറപ്പിക്കുന്ന നേതാവ് ആയതിനാൽ ലീഗ് അണികൾക്കും കെ.മുരളീധരൻ പ്രിയങ്കരനാണ്. ഇടതുപക്ഷത്തിന് ശക്തമായ അടിവേരുള്ള വടകരയിൽ മുരളീധരന്റെ വിജയത്തിൽ ലീഗ് പ്രവർത്തകരുടെ പങ്കും ചെറുതല്ല.

കോഴിക്കോട്, കാസർക്കോട് സീറ്റുകളെങ്കിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിച്ച് വിജയിപ്പിക്കാമെന്ന കണക്കുകൂട്ടൽ ലീഗിനുണ്ട്. കഴിഞ്ഞ തവണ പാലക്കാട്, കാസർക്കോട് സീറ്റുകളിൽ ഒന്ന് ലീഗിന് നൽകാൽ യു.ഡി.എഫിൽ ചർച്ചകൾ പുരോഗമിച്ചെങ്കിലും ലീഗിന്റെ ജില്ലാ കമ്മിറ്റികൾ ഇവിടെങ്ങളിൽ മത്സരിക്കാൻ താത്പര്യം കാണിച്ചിരുന്നില്ല. സിറ്റിംഗ് എം.പിമാരിൽ എല്ലാവരെയും വീണ്ടും മത്സരിപ്പിക്കാനുള്ള നിലവിലെ ധാരണയുമായി കോൺഗ്രസ് മുന്നോട്ടുപോയാൽ മൂന്നാം സീറ്റെന്ന ആവശ്യം ഇത്തവണയും നടക്കില്ലെന്ന കണക്കുകൂട്ടൽ മുസ്‌ലിം ലീഗ് നേതൃത്വത്തിനുണ്ട്. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിന്മാറുന്നതിന് പകരം രാജ്യസഭ, നിയമസഭ സീറ്റുകളിൽ ലീഗ് കണ്ണുവയ്ക്കും. ഒത്തുതീ‌ർപ്പ് ഫോർമ്മുല എന്ന നിലയിൽ ഈ ആവശ്യം കോൺഗ്രസിന് അംഗീകരിക്കേണ്ടി വരുമെന്നും ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു.

കോട്ടകൾ സുരക്ഷിതമല്ല

മുസ്‌‌ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് തങ്ങളുടെ അടിത്തറയുടെ കരുത്ത് കൂടി തെളിയിക്കേണ്ട ഒന്നാണ്. വോട്ട് ബാങ്കായ സമസ്തയുമായുള്ള തർക്കം രൂക്ഷമാവുകയും പരിഹാരം അകലെ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വോട്ട് ചോർച്ചയില്ലാതെ പൊന്നാനിയും മലപ്പുറവും സുരക്ഷിതമാക്കേണ്ടതുണ്ട്. പച്ചക്കോട്ടയായി അറിയപ്പെട്ടിരുന്ന മഞ്ചേരി ലോക്‌സഭ മണ്ഡലത്തിൽ ലീഗിന്റെ സ്ഥാനാർ‌ത്ഥിയായിരുന്ന കെ.പി.എ മജീദിന്റെ തോൽവി ഇന്നും വലിയ പാഠമായി ലീഗിന് മുന്നിലുണ്ട്. സുന്നി വോട്ടുകളിലെ ചോർച്ചയാണ് ലീഗിന്റെ അടിത്തറ ഇളക്കിയത്. ഇത്തവണ സമസ്തയിലെ ഒരുവിഭാഗം പ്രവർത്തകർ വോട്ട് ചെയ്യാതെ മാറിനിന്നാൽ പോലും പൊന്നാനിയും മലപ്പുറവും ഇളകാം. ഇടതുപക്ഷത്തിനായി മികച്ച സ്ഥാനാർത്ഥി രംഗത്തിറങ്ങിയാൽ പൊന്നാനിയിൽ മത്സരം കടുത്തേക്കാമെന്ന വിലയിരുത്തലും ലീഗിനുണ്ട്. 2014ൽ സിറ്റിംഗ് എം.പിയായ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ മന്ത്രി വി.അബ്ദുറഹ്മാൻ കടുത്ത മത്സരമാണ് ഉയ‌ർത്തിയത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് ഭൂരിപക്ഷമാണ് അന്ന് ഇ.ടിക്ക് ലഭിച്ചത്. ഒരുലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കാറുള്ള മണ്ഡലത്തിൽ 25,410 വോട്ടിനായിരുന്നു ഇ.ടിയുടെ വിജയം. ഇ.ടിക്ക് 43.43ഉം വി.അബ്ദുറഹ്മാന് 40.51 ശതമാനവും വോട്ടാണ് ലഭിച്ചത്. ലീഗിന്റെ വോട്ടിൽ ഏഴ് ശതമാനത്തോളം കുറവ് വന്നു. അതേസമയം 2019ലെ തിരഞ്ഞെടുപ്പിൽ പി.വി.അൻവറിനെതിരെ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇ.ടിക്ക് ലഭിച്ചെങ്കിലും മികച്ച സ്ഥാനാർത്ഥിയിലൂടെ ശക്തമായ മത്സരത്തിനുള്ള സാദ്ധ്യത കൂടി പൊന്നാനി തുറന്നുവയ്ക്കുന്നുണ്ട്.