മലപ്പുറം: സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ലെങ്കിൽ ക്രിസ്‌മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ പാടുപെടും. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വരെ പോവുന്ന യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കൺഫേം ടിക്കറ്റെല്ലാം തീർന്നിട്ടുണ്ട്. സ്ലീപ്പർ ക്ലാസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറൽ കമ്പാർട്ടുമെന്റുകളിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം തിരക്കാവും. രാത്രി എട്ടിന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരിൽ എത്തുംവിധമാണ് ട്രെയിൻ സർവീസ്. ബംഗളൂരുവിൽ നിന്ന് ജില്ല വഴി കടന്നുപോവുന്ന ഏക പ്രതിദിന ട്രെയിനാണിത്. ഡിസംബർ 30 വരെ ടിക്കറ്റില്ല. കൂടുതൽ നിരക്ക് നൽകേണ്ട തത്കാൽ, പ്രിമിയം തത്കാൽ ടിക്കറ്റുകളുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക.
ഞായർ, തിങ്കൾ ദിവസങ്ങളിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ - മംഗലാപുരം എക്സ്പ്രസിലും സ്ലീപ്പർ ക്ലാസിൽ ടിക്കറ്റില്ല. ജില്ലയിലൂടെ കടന്നുപോവുന്ന ഒരു സ്‌പെഷ്യൽ ട്രെയിൻ പോലും റെയിൽവേ ഇതുവരെ അനുവദിച്ചിട്ടില്ല. ജോലിക്കും പഠനത്തിനുമായി ജില്ലയിൽ നിന്നുള്ള നിരവധി പേരാണ് ബംഗളൂരുവിനെ ആശ്രയിക്കുന്നത്.