
മലപ്പുറം : റവന്യൂ ജില്ലാ കലോത്സവത്തിൽ 153 ഇനങ്ങളിലെ മത്സരം പൂർത്തിയായപ്പോൾ മങ്കട ഉപജില്ല 606 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. വേങ്ങര ഉപജില്ല 558 പോയിന്റുമായി രണ്ടാമതാണ്. 544 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതും 528 പോയിന്റുമായി നിലമ്പൂർ ഉപജില്ല നാലാമതും മുന്നേറുന്നു
കോട്ടയ്ക്കൽ: ശിവപാർവതി മാംഗല്യവും ശിവന്റെ താണ്ഡവവും നാട്യമികവിൽ പ്രതിഫലിപ്പിച്ച് പി.സച്ചിൻ സുനിൽ വേദിയിൽ നിറഞ്ഞാടിയപ്പോൾ എച്ച്.എസ്.എസ് ആൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ ഒന്നാംസ്ഥാനം കൂടെപ്പോന്നു.
മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലേക്കുള്ള ഇത്തവണത്തെ ആദ്യ സമ്മാനമായതിനാൽ ഇരട്ടി മധുരമായി. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ സച്ചിൻ നാല് വർഷമായി ഭരതനാട്യവും കുച്ചുപ്പിടിയും അഭ്യസിക്കുന്നുണ്ട്. ഗണേഷ് ബാബുവും മോഹൻദാസുമാണ് ഗുരുക്കന്മാർ. കുച്ചുപ്പിടിയും നാടോടിനൃത്തവുമാണ് ഇനി മത്സരിക്കാനുള്ളത്. നൃത്തകലാകാരനാകാനാണ് ആഗ്രഹമെന്ന് സച്ചിൻ പറയുന്നു. മകന്റെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി അമ്മ നിഷയും പ്രവാസിയായ പിതാവ് സുനിൽ കുമാറുമുണ്ട്. സയന, സഞ്ജയ് എന്നിവർ സഹോദരങ്ങളാണ്.
കോട്ടക്കൽ: പൂക്കോട്ടൂർ ഗവ.വെറ്ററിനറി ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രാധാമണി ആശുപത്രിയിൽ വളർത്തുനായ്ക്ക് കുത്തിവയ്പ്പെടുക്കാൻ എത്തിയ നൃത്താദ്ധ്യാപിക ശേഖ മുരളിയോട് കുശലാന്വേഷണത്തിനിടെ ഒരു മോഹം പങ്കുവച്ചു. യൂട്യൂബ് നോക്കി ഭരതനാട്യം പഠിക്കുന്ന മകൻ അഭിമന്യുവിന് ഗുരുസന്നിധിയിൽ പരിശീലനം വേണം. രാധാമണിക്കും പടവ് ജോലിക്ക് പോവുന്ന ഭർത്താവ് രാമചന്ദ്രനും ഫീസ് നൽകാൻ ശേഷിയില്ല. അഭിമന്യുവിന്റെ താത്പര്യവും കഴിവും തിരിച്ചറിഞ്ഞ ശേഖ ഫീസില്ലാതെ തന്നെ പഠിപ്പിക്കാമെന്ന് ഉറപ്പേകി. കൃത്യം അഞ്ചുമാസത്തെ പരിശീലനം, ഗുരുവിനും അമ്മയ്ക്കും വലിയൊരു സമ്മാനമേകി അഭിമന്യു. കോട്ടക്കലിൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കി മൊറയൂർ വിഎച്ച്.എം.എച്ച്.എസ്.എസിലെ ഈ ഒമ്പതാം ക്ലാസുകാരൻ. അതും കലോത്സവത്തിലെ ആദ്യ അരങ്ങേറ്റത്തിൽ.
ഡിഗ്രി പൂർത്തിയാക്കിയ സഹോദരി അഭിരാമി സ്കൂൾ പഠനകാലയളവിൽ ഭരതനാട്യത്തിൽ ജില്ലാതലത്തിൽ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. ചെറുപ്പം മുതൽ അഭിമാരാമിയുടെ ചുവടുകൾ കണ്ട അഭിമന്യുവിനും നൃത്ത മോഹം വളർന്നു. ഫീസ് കൊടുക്കാനില്ലാത്തതിനാൽ ശാസ്ത്രീയ പരിശീലനമെന്ന മോഹം ഉള്ളിലൊതുക്കി. എട്ടാം ക്ലാസിൽ വച്ച് സംഗീതാദ്ധ്യാപകനായ ഭവനീത് ആണ് അഭിമന്യുവിലെ പ്രതിഭയെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. യൂ ട്യൂബിൽ നോക്കി പഠിച്ച് ഡാൻസ് ക്ലാസിൽ അവതരിപ്പിച്ചത് കണ്ടതോടെ അദ്ധ്യാപകൻ അഭിമന്യുവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട് പരിശീലനം നൽകാൻ പ്രോത്സാഹിപ്പിച്ചു. ഇതിനിടയിലാണ് നിയോഗം പോലെ ശേഖ മുരളിയെ കണ്ടുട്ടിയത്.
ഇതുവരെ മത്സരങ്ങളിലൊന്നും പങ്കെടുക്കാൻ കഴിയാത്തതിൽ സങ്കടമൊന്നുമില്ല. ഇപ്പോഴാണ് സമയം ഒത്തുവന്നതെന്നാണ് അഭിമന്യുവിന്റെ പക്ഷം. കലാകുടുംബമാണ് അഭിമന്യുവിന്റേത്. ജ്യേഷ്ഠനും കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയുമായ അർജ്ജുൻ ജില്ലാകലോത്സവത്തിൽ മോണോആക്ടിൽ മത്സരിക്കുന്നുണ്ട്. യു.കെ.ജി വിദ്യാർത്ഥിയായ ആഗ്മേയ സഹോദരിയാണ്.