jk

സീസൺ ലക്ഷ്യമിട്ട് ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന കമ്പനികളുടെ കൊള്ളയ്ക്ക് ക്രിസ്മസ് എത്തുമ്പോഴും യാതൊരു മാറ്റവുമില്ല. ക്രിസ്മസ്, സ്കൂൾ അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് നാലിരട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്. ഓണം, പെരുന്നാൾ, ഗൾഫിലെയും നാട്ടിലേയും സ്കൂളുകളുടെ അവധി എന്നിങ്ങനെ യാത്രക്കാർ ഏറെയുള്ള സീസണുകളിൽ ഗൾഫ് സെക്ടറിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരെ പ്രവാസി സംഘടനകൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പലതവണ പരാതികൾ നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിശേഷാവസരങ്ങളിൽ പ്രിയപ്പെട്ടവരുടെ അരികിലെത്താൻ കൊതിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ടിക്കറ്റ് കൊള്ള സഹിക്കുകയല്ലാതെ മറ്റു വഴികളില്ല.

ഇന്ധന വിലയിലെ വർദ്ധനവും നഷ്ടങ്ങളുടെ പെരുപ്പിച്ച കണക്കുകളും നിരത്തിയാണ് ഈ കൊള്ളയെ വിമാന കമ്പനികൾ ന്യായീകരിക്കുന്നത്. ടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികൾക്ക് നൽകുന്ന വ്യോമയാന ചട്ടം ചൂണ്ടിക്കാട്ടി ഈ കൊള്ളയ്ക്ക് മുന്നിൽ കേന്ദ്ര സർ‌ക്കാരും കൈമല‌ത്തുന്നു. പ്രവാസികളെ സഹായിക്കാൻ കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനവും എങ്ങുമെത്തിയിട്ടില്ല. ഒരുവർഷത്തോളമായി വിമാന ഇന്ധനത്തിന്റെ വില കൂടുകയല്ലാതെ കുറ‌ഞ്ഞിട്ടില്ല. എന്നിട്ടും കഴിഞ്ഞ മാസം ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറവായിരുന്നു !. ഓഫ് സീസണിൽ യാത്രക്കാർ കുറവാകും എന്നതിനാൽ ടിക്കറ്റ് നിരക്കും കുറയ്ക്കും. ഈ കാലയളവിലും നഷ്ടം സഹിച്ചല്ല മറിച്ച് ലാഭത്തോടെ തന്നെയാണ് വിമാനകമ്പനികൾ സർവീസ് നടത്തിയത്. കൊള്ള ലാഭമില്ലെന്ന് മാത്രം. ഇന്ധന വിലയെ മറപിടിച്ച് വിമാന കമ്പനികൾ നടത്തുന്ന കൊള്ളയുടെ ആഴം അറിയാൻ ഒഫ് സീസണുകളിലെ ടിക്കറ്റ് നിരക്കിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി.

ഇനി കൊള്ള നിരക്ക്

ക്രിസ്മസും പുതുവത്സരവും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളെ മുന്നിൽക്കണ്ട് ഡിസംബർ‌ 15ന് ശേഷമുള്ള ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ കുത്തനെ കൂട്ടിയത്. ഡിസംബർ ആദ്യ വാരം വരെ ടിക്കറ്റ് നിരക്കിൽ കാര്യമായ വർദ്ധനവുണ്ടായിരുന്നില്ല. പ്രവാസി യാത്രക്കാർ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വർദ്ധന കൂടുതൽ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് അരലക്ഷത്തിന് മുകളിലാണ് ബഡ്‌ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്പ്രസിൽ പോലും ഈടാക്കുന്നത്. വിദേശ വിമാന കമ്പനികൾ 15,000 രൂപയിലധികം ഈടാക്കുന്നുണ്ട്. കോഴിക്കോട് - കുവൈത്ത് റൂട്ടിൽ 38,000 മുതൽ 40,000 വരെയാണ് എക്കണോമി ക്ലാസിലെ നിരക്ക്. അബൂദാബി - തിരുവനന്തപുരം - 20,000, ഷാർജ്ജ - കോഴിക്കോട് -35,000, ദോഹ- കെച്ചി -34,000 എന്നിങ്ങനെയാണ് നിരക്ക്. കൊച്ചി,​ കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 1,​000 മുതൽ 2,​000 രൂപ വരെ കൂടുതലാണ്. ഏറ്റവും കൂടുതൽ പ്രവാസി യാത്രക്കാർ ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ് എന്നതിനാലാണിത്. കണ്ണൂരിലും കൊച്ചിയിലും എത്തി വിമാനം കയറുകയെന്നത് പ്രയാസകരമായതിനാൽ ടിക്കറ്റ് നിരക്ക് കൂട്ടിയാലും കോഴിക്കോടിനെ തന്നെ ആശ്രയിക്കുമെന്ന് വിമാനക്കമ്പനികൾക്ക് നന്നായറിയാം. പ്രവാസിയുടെ നിസ്സഹായാവസ്ഥ പരമാവധി ചൂഷണം ചെയ്യുകയെന്ന മനോഭാവമാണ് വിമാനക്കമ്പനികൾ പുലർത്തുന്നത്.

ഏജൻസികളും കുറ്റക്കാ‌ർ

ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വർദ്ധനവിന് ആക്കം കൂട്ടുന്നുണ്ട്. സീസൺ മുന്നിൽക്കണ്ടാണ് ഏജൻസികളുടെ നീക്കം. ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ വിമാന കമ്പനികൾ പകുതിയോളം ടിക്കറ്റുകൾ ഏജൻസികളുമായുള്ള ധാരണാ നിരക്കിൽ മാസങ്ങൾക്ക് മുൻപ് മറിച്ചുനൽകും. ഇതോടെ വെബ്സൈറ്റുകളിൽ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യും. ശേഷിക്കുന്ന ടിക്കറ്റുകൾക്ക് കമ്പനികളുടെ ഇഷ്ടത്തിന് നിരക്ക് വർദ്ധിപ്പിക്കാനാവും. നിരക്കിളവ് ലക്ഷ്യമിട്ട് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല.

തുടർന്ന് സീസൺ ആരംഭിക്കുമ്പോൾ പൂഴ്ത്തിവച്ച ടിക്കറ്റുകൾ ട്രാവൽ ഏജൻസികൾ പുറത്തെടുക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളേക്കാൾ 1,000 രൂപ വരെ ഏജൻസികൾ കുറച്ചുനൽകുമെങ്കിലും പലയിരട്ടി ലാഭം ഇവരിലേക്കെത്തും. ഓണം, പെരുന്നാൾ, ക്രിസ്മസ്, വേനൽകാല അവധി എന്നിവയിലാണ് ഏജൻസികളുടെ ഇടപെടൽ.

മാർഗം അധിക സർവീസ്

സീസണിൽ സർവീസുകൾ വർദ്ധിപ്പിക്കുകയോ അധിക സീറ്റുകളുള്ള വലിയ വിമാനങ്ങൾ ഉപയോഗിക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ട്രാവൽ ഏജൻസികളുടെ ഗ്രൂപ്പ് ബുക്കിംഗിലും നിയന്ത്രണം വേണം. ഉഭയകക്ഷിധാരണ പ്രകാരം ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ആഴ്ചയിൽ 65,000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ സീസണിൽ ഒരുലക്ഷത്തോളം യാത്രക്കാരുണ്ടാവും. യു.എ.ഇയിലെ വിമാന കമ്പനികൾ അധിക സർവീസിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

ചാർട്ടറിനും കൂടുതൽ

ആഭ്യന്തര റൂട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ ചാർട്ടർ സർവീസുകൾക്ക് എയർലൈനുകൾ താത്പര്യപ്പെടുന്നില്ല. സർവീസുകൾ മുടങ്ങുമെന്നതിനാൽ ഈ നഷ്ടം നികത്തും വിധം നിരക്ക് നൽകണമെന്നാണ് കമ്പനികളുടെ നിലപാട്. ഇത് ചാർട്ടേഡ് വിമാനങ്ങളിലെ നിരക്കും വർദ്ധിപ്പിക്കും. വിമാനം ചാർട്ടർ ചെയ്യുമ്പോൾ യാത്രക്കാരുടെ വിവരങ്ങൾ നേരത്തെ നൽകണം. ടിക്കറ്റ് കാൻസലേഷൻ അനുവദിക്കില്ല. ഇതെല്ലാം സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിനാൽ പ്രവാസി സംഘടനകൾ ഇതിന് മുൻകൈയെടുക്കുന്നില്ല.