bbbbbbb

പൊ

ന്നാനി :പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമ്മിക്കുന്ന ഹൗറ മോഡൽ തൂക്കുപാലത്തിന് സ്ഥലം ഏറ്റെടുക്കാൻ കെട്ടിടങ്ങളുടെ വിലനിർണയം ആരംഭിച്ചു. സ്വകാര്യ ഏജൻസിക്കാണ് ചുമതല. ഒരുമാസത്തിനകം റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഭൂമിയുടെയും മരങ്ങളുടെയും വില നിർണയം പൂർത്തിയായി. പൊന്നാനി, പുറത്തൂർ ഭാഗങ്ങളിലായി വീടുകളും കെട്ടിടങ്ങളും മതിലുകളും ഉൾപ്പെടെ 10 നിർമ്മിതികളാണ് പൊളിച്ചുമാറ്റേണ്ടത്. മൂന്നര ഹെക്ടർ ഭൂമിയാണ് വേണ്ടത്. അപ്രോച്ച് റോഡിനായി പടിഞ്ഞാറെക്കര മുതൽ പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള മൂന്ന് മീറ്റർ വീതിയിലാണ് ഏറ്റെടുക്കുക. പുറത്തൂർ ഭാഗത്ത് 1.4 ഹെക്ടറും പൊന്നാനിയിൽ 21 ഹെക്ടറും ഏറ്റെടുക്കും.

ഭൂമി ഏറ്റെടുക്കുന്നതോടെ ഇരുന്നുറോളം കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടിവരും. ഓരോ വീടുകളിൽ നിന്ന് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ്, പുറമ്പോക്ക് ഭൂമി എത്ര, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ, നഷ്ടപരിഹാരം തുടങ്ങി വിശദമായ സർവേ കിഫ്ബിയുടെ സർവേ വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിരുന്നു. തുടർന്നാണ് വില നിർണയം ആരംഭിച്ചത്. 252 കോടി വകയിരുത്തി കിഫ്ബി സഹായത്തോടെയാണ് തിരുവനന്തപുരം കാസർകോട് തീരദേശം ഇടനാഴിയുടെ ഭാഗമായുള്ള തൂക്കുപാലത്തിന്റെ നിർമാണം. ടൂറിസം ഗതാഗത രംഗത്ത് കുതിപ്പിലേക്ക് നയിക്കുന്നതാണ്. പദ്ധതി. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന പൊന്നാനി അഴിമുഖത്തിന് കുറുകെയാണ് ഒരു കിലോമീറ്ററോളം വരുന്ന കടൽപ്പാലം നിർമ്മിക്കുന്നത്. ടൂറിസത്തിനും കുതിപ്പേകും പാലം യാഥാർഥ്യമാകുന്നതോടെ തീരദേശ റോഡ് വഴി വരുന്നവർക്ക് ചമ്രവട്ടത്തേക്ക് പോകാതെ ഭാരതപ്പുഴ കടക്കാം. 15 കിലോമീറ്റർ ലാഭിക്കുന്നതോടൊപ്പം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് 40 കിലോമീറ്റർ കുറയുകയും ചെയ്യും. ഒന്നര കിലോമീറ്റർ നീളത്തിൽ എലിവേറ്റഡ് പാതയിൽ നിർമ്മിക്കുന്ന പാലത്തിന്റെ മുകൾഭാഗം വാഹനങ്ങൾക്ക് പോകാനും സന്ദർശകർക്കായി ബ്രിഡ്ജ് കഫേയുമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ജലനിരപ്പിൽ നിന്ന് 16 മീറ്റർ ഉയരത്തിൽ പണിയുന്നതിനാൽ വലിയ കപ്പലുകൾക്കും കടന്നുപോകാം. 22 മീറ്ററാണ് പാലത്തിന്റെ വീതി. ആദ്യഘട്ടം രണ്ട് വരിയോട് കൂടി പാലത്തിന്റെ 10 മീറ്റർ വാഹനങ്ങൾക്ക് കടന്നുപോകാനും ബാക്കി സ്ഥലത്ത് സൈക്കിൾ ട്രാക്കും നടപ്പാതയും ഇരിപ്പിടവും ഒരുക്കും. നാല് വരിയാക്കേണ്ട സാഹചര്യം വന്നാൽ സൈക്കിൾ ട്രാക്കും ഇരിപ്പിടവും താഴേക്ക് മാറ്റി നാലുവരിയാക്കി മാറ്റാവുന്ന തരത്തിലുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.