
മലപ്പുറം: മഞ്ഞും ചൂടും മഴയുമെല്ലാം ഇടകലർന്ന വേറിട്ട കാലാവസ്ഥ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം വലിയതോതിൽ കൂട്ടുന്നു. മിക്ക ആശുപത്രികളും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പനി മാറിയാലും ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന കടുത്ത ക്ഷീണവും വിട്ടുമാറാത്ത ചുമയും പലരെയും അലട്ടുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ മുഖാന്തിരമാണ് അസുഖം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത്. പനി ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും അസുഖം പൂർണ്ണമായും മാറിയെന്ന് ഉറപ്പാക്കണമെന്നുമുള്ള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പല രക്ഷിതാക്കളും പാലിക്കാത്തതും തിരിച്ചടിയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതർ മലപ്പുറം ജില്ലയിലാണ്. മിക്ക ദിവസങ്ങളിലും 1,500ന് മുകളിൽ പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 1,996 പേർക്കാണ് പനി ബാധിച്ചത്. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ആയുർവേദം, ഹോമിയോ അടക്കം മറ്റിടങ്ങളിലും എത്തുന്ന രോഗികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ ഇരട്ടിയിലധികം രോഗികളുണ്ടാവും. തിരുവനന്തപുരം, കോഴിക്കോട് ഒഴികെ മറ്റ് ജില്ലകളിലെല്ലാം 500നും 1,000ത്തിനും ഇടയിലാണ് പ്രതിദിന രോഗികളുടെ എണ്ണം. ജില്ലയിൽ പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം കൂടുന്നില്ലെന്നതാണ് ആശ്വാസം. ഒരുദിവസം ശരാശരി പത്ത് രോഗികൾക്കാണ് കിടത്തി ചികിത്സ ആവശ്യം വരുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ സർക്കാർ ആശുപത്രികളിൽ അടക്കം ഉച്ചയ്ക്ക് ശേഷം ഒ.പി ഉള്ളത് രോഗികൾക്ക് ആശ്വാസമാകുന്നുണ്ട്. രാവിലെയുള്ള തിരക്ക് കുറയ്ക്കാനും ഇതു സഹായകമാണ്. ഒരാഴ്ചക്കിടെ മാത്രം 11,093 പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്.
വേണം ജാഗ്രത
ഇടവിട്ട് മഴ തുടരുന്നത് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വംശവർദ്ധനവിന് സഹായകമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പോകുന്നുണ്ട്. കടുത്തതും ഇടവിട്ടുള്ളതുമായ പനി, കൈകാൽ വേദന, സന്ധികളിൽ വേദന, ശരീര വേദന, കണ്ണുകൾക്ക് പിന്നിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ജില്ലയിൽ ഒരാഴ്ചക്കിടെ 47 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്.