fish

മലപ്പുറം: മത്സ്യ വിഭവങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതയുമായി കുടുംബശ്രീ ജില്ലാ മിഷൻ. വളർത്തു മത്സ്യങ്ങളുടെയും അല്ലാത്തതിന്റെയും വ്യത്യസ്തമായ സംരംഭ പദ്ധതിയാണ് മത്സ്യ സംഭരണി. വിഷരഹിത മത്സ്യം, മൂല്യവർധിത ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, വിപണനം ഉറപ്പുവരുത്തുക, മത്സ്യകർഷകരുടെ സ്ഥിരവരുമാനം എന്നിവയാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. സി.എഫ് മുഖേന സാമ്പത്തിക സഹായം സംരംഭകർക്ക് ലഭ്യമാകും. പദ്ധതി നടപ്പാക്കേണ്ടതിനെ കുറിച്ച് പരിശീലന ക്ലാസുകളും നൽകും. യൂണിറ്റുകൾക്ക് ആവശ്യമായ ഫണ്ട് പഞ്ചായത്തിന് നൽകാവുന്നതാണ്. മീൻ അച്ചാറുകൾ, മാരിനേറ്റഡ് ഫിഷ്, ഉണക്ക മത്സ്യം, വിവിധ തരത്തിൽ പാകം ചെയ്ത മത്സ്യ ഉൽപന്നങ്ങൾ, വൃത്തിയായി മുറിച്ച മത്സ്യങ്ങൾ തുടങ്ങിയവ ഇത്തരം ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകും. ഇത്തരം സംരംഭങ്ങൾക്ക് വിപണന സാധ്യത പ്രതീക്ഷിക്കുന്നതായി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് പറഞ്ഞു.