bbbb

മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 67 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. രണ്ടാഴ്ചക്കിടെ മാത്രം പത്തോളം മുങ്ങിമരണങ്ങളുണ്ടായി. താനൂരിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. തൂവൽതീരത്ത് മേയ് ഏഴിന് നടന്ന ബോട്ടപകടത്തിൽ 22 പേർ മരിച്ചതുൾപ്പെടെ 26 മുങ്ങിമരണങ്ങളാണ് ഇവിടെ നടന്നത്. ഒരു മുങ്ങിമരണം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവാലിയിലാണ് കുറവ് കേസുകൾ. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ ജലാശയത്തിലിറങ്ങുന്നതും നീന്തൽ അറിയാത്തതും പരിശീലിക്കാതെ തന്നെ നീന്താം എന്ന് വിചാരിക്കുന്നതും മദ്യപിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മുങ്ങിമരണത്തിന് പ്രധാന കാരണമാണ്. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും.

ഫയർ സ്റ്റേഷൻ- മുങ്ങിമരണം

താനൂർ - 26
പെരിന്തൽമണ്ണ - 7
മലപ്പുറം - 8
മഞ്ചേരി - 3
നിലമ്പൂർ - 5
തിരൂർ - 15
തിരുവാലി - 1
പൊന്നാനി - 2

മിടിപ്പ് തുടരണം

ജലാശയാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ ഡിഫൻസുമായി സഹകരിച്ച് അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തിൽ 'മിടിപ്പ്' എന്ന പേരിൽ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ പരിപാടികളും നീന്തൽ പരിശീലനവും നൽകിവരുന്നുണ്ട്. നവംബർ 14ന് ശിശുദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. 101 സിവിൽ ഡിഫൻസ് അംഗങ്ങളെയും അഗ്നിരക്ഷാ സേനയിലെ എട്ട് ഉദ്യോഗസ്ഥരെയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പരിശീലനത്തിനായി സുരക്ഷിതമായ നീന്തൽക്കുളങ്ങൾ ലഭ്യമായ വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടാൽ സൗജന്യ പരിശീലനം ലഭിക്കും.

ശരിയായ വിധം വാമിംഗ് അപ് നടത്താതെ നീന്തുന്നതിനാൽ നീന്തലറിയുന്നവർ തന്നെ അപകടത്തിൽപ്പെടുന്നുണ്ട്. ക്ഷീണിക്കുന്നത് ശ്രദ്ധിക്കാതെ ദീർഘനേരം നീന്തുന്നത് അപകടത്തിലേക്ക് നയിക്കും. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന ടൂറിസ്റ്റ് ഇടങ്ങളുടെ വീഡിയോ കണ്ട് യാതൊരു സുരക്ഷയുമില്ലാത്ത ജലാശയങ്ങളിൽ നീന്തുന്നത് വലിയ അപകടം സൃഷ്ടിക്കും.


ഇ.കെ.അബ്ദുൾ സലീം, സ്റ്റേഷൻ ഓഫീസ‌ർ,​ ഫയർ ആൻഡ് റെസ്‌ക്യൂ മലപ്പുറം