
പെരിന്തൽമണ്ണ: പാതായ്ക്കര മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പാതായ്ക്കര സ്‌കൂൾപടിയിൽ സ്ഥിര താമസക്കാരിയും വിധവയുമായ തയ്ക്കാടൻ നബിസ മകൻ മമ്മദ് എന്നിവർക്ക് നിർമ്മിച്ച് പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം 13ന് വൈകുന്നേരം ഏഴിന് കോവിലകംപടിയിൽ വെച്ച് നടക്കും. ചടങ്ങിൽ താക്കോൽദാനവും ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾക്കുള്ള ഉപഹാര സമർപ്പണവും സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സർവീസ് ബാങ്ക് പുതിയ ഭരണസമിതി അംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണം നജീബ് കാന്തപുരം എം.എൽ.എയും നിർവ്വഹിക്കും. കോളേജ് യൂണിയൻ ഭാരവാഹികൾക്കുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫയും നിർവഹിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 30 വർഷത്തിലധികമായി ബൈത്തുറഹ്മ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് മാതൃകയായി ഇതിനകം പ്രദേശത്തെ ഏറ്റവും നിർദ്ധനരായ പതിമൂന്ന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.