electrical

മലപ്പുറം: കീശ ചോരാതെ യാത്ര ചെയ്യാമെന്നതിനൊപ്പം ചാർജ്ജ് തീ‌ർന്ന് വഴിയിൽ കിടക്കുമോയെന്ന ആശങ്ക അകലുകയും ചെയ്തതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് വേഗംകൂട്ടി ജില്ല. മോട്ടോർ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരി മുതൽ ഡിസംബർ 14 വരെ 9,​304 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 5,​414 വാഹനങ്ങളായിരുന്നു. 2020ൽ 194 വാഹനങ്ങൾ മാത്രം. രജിസ്റ്റർ ചെയ്തവയിൽ കൂടുതലും കാറുകളും ബൈക്കുകളുമാണ്. ഇലക്ട്രിക് ഓട്ടോകളുടെ എണ്ണവും കൂടുന്നുണ്ട്. ഒറ്റചാർജ്ജിൽ കൂടുതൽ മൈലേജും സാങ്കേതിക മികവുള്ള വാഹനങ്ങളുമായി മുൻനിര നിർമ്മാതാക്കൾ രംഗത്തുവന്നതും കെ.എസ്.ഇ.ബിയും അനർട്ടും കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങിയതും ഇലക്ട്രിക്കിലേക്കുള്ള വേഗം കൂട്ടിയിട്ടുണ്ട്. അരലക്ഷം രൂപ മുതൽ ഇലക്ട്രിക് സ്കൂട്ടറുകളും ഒരുലക്ഷം മുതൽ ബൈക്കുകളും എട്ട് ലക്ഷം മുതൽ മികച്ച കാറുകളും ലഭ്യമാണെന്നതും ഇലക്ട്രിക്കിന്റെ സ്വീകാര്യത കൂട്ടി. ഡീസൽ വാഹനങ്ങൾ കുറഞ്ഞു ജില്ലയിൽ ഡീസൽ വാഹനങ്ങളുടെ വിൽപ്പന കാര്യമായി കുറഞ്ഞിട്ടുണ്ട്. പതിവിന് വിപരീതമായി ഇത്തവണ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഡീസലിനെ മറികടന്നിട്ടുണ്ട്. ഈവർഷം 4,​761 ഡീസൽ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഇതിൽ ഏറിയ പങ്കും ഹെവി വാഹനങ്ങളാണ്. ജനുവരി മുതൽ ഇതുവരെ വരെ 56,​242 വാഹനങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. ഒരുമാസം ശരാശരി 4,​000ത്തിന് മുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ മലപ്പുറം ആർ.ടി ഓഫീസ്- 1,​418 നിലമ്പൂർ സബ് ആർ.ടി - 1,​053 കൊണ്ടോട്ടി സബ് ആർ.ടി - 1,​349 തിരൂർ സബ് ആർ.ടി - 1,​858 പെരിന്തൽമണ്ണ സബ് ആർ.ടി - 1,​037 തിരൂരങ്ങാടി സബ് ആർ.ടി - 1,719 പൊന്നാനി സബ് ആർ.ടി - 870 ഈവർഷത്തെ വാഹന രജിസ്ട്രേഷൻ മലപ്പുറം ആർ.ടി ഓഫീസ് - 9,492 തിരൂർ സബ് ആർ.ടി - 14,​830 കൊണ്ടോട്ടി സബ് ആർ.ടി - 9,​492 നിലമ്പൂർ സബ് ആർ.ടി - 7,​910 പെരിന്തൽമണ്ണ സബ് ആർ.ടി - 9,​287 തിരൂരങ്ങാടി സബ് ആർ.ടി - 12,​824 പൊന്നാനി സബ് ആർ.ടി - 7,​652