
മഞ്ചേരി: ചെട്ടിയങ്ങാടിയിൽ കഴിഞ്ഞദിവസം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടർന്ന് മേഖലയിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ ഉടൻ ആരംഭിക്കും.ചെട്ടിയങ്ങാടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധത്തിന് ശേഷം തഹസിൽദാർ വിളിച്ചുചേർത്ത യോഗത്തിലാണ് അടിയന്തര തീരുമാനങ്ങൾ കൈക്കൊണ്ടത്.
റോഡിന്റെ അശാസ്ത്രീയത കാരണം അപകടങ്ങൾ പതിവാകുകയും കഴിഞ്ഞ ദിവസം അഞ്ചു പേർ മരിക്കാനിടയാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി നാട്ടുകാർ ഇന്നലെ രാവിലെ റോഡ് ഉപരോധം നടത്തിയത്. തുടർന്ന് തഹസിൽദാറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചർച്ച നടത്തി.ചർച്ചയിൽ കൈക്കൊണ്ട അടിയന്തര തീരുമാനങ്ങൾ തഹസിൽദാർ വിശദീകരിച്ചു.
തഹസിൽദാർ ഹാരിസ് കപൂർ, ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയിലെ സൈറ്റ് എൻജിനീയർമാരായ അനന്തകൃഷ്ണൻ, തമിഴ് സെൽവൻ, സർക്കിൾ ഇൻസ്പെക്ടർ ബഷീർ, കെ.എസ്.ടി.പി.എ ഇ. മനോജ് കുമാർ, എസ്.എം. അഷറഫ്, റോഡ് സേഫ്റ്റി എൻജിനീയർമാരായ റോജി ജേക്കബ്, ശരവണൻ തുടങ്ങിയവരും സമരസമിതി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.