തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തനിക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച മൂന്ന് കൂറ്റൻ ബാനറുകൾ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഴിപ്പിച്ചു.
നീക്കം ചെയ്യാൻ ഗവർണർ ഉച്ചയ്ക്ക് 12.45ന് പൊലീസിന് നിർദ്ദേശം നൽകിയെങ്കിലും പാലിച്ചില്ല. വൈകിട്ട് 6.45ന് നടക്കാൻ ഇറങ്ങിയപ്പോൾ ബാനറുകൾ കണ്ട് മലപ്പുറം എസ്.പി എസ്.ശശിധരനോട് തട്ടിക്കയറുകയായിരുന്നു. മുഖ്യമന്ത്രിയാണ് ഇവിടെയെങ്കിൽ നിങ്ങൾ അനുവദിക്കുമോ എന്ന് ക്ഷുഭിതനായി ചോദിച്ചു. എസ്.പി. തന്നെ അഴിച്ചുമാറ്റണമെന്ന് ശഠിച്ചു. പിന്നാലെ എസ്.പി ബാനർ വലിച്ച് താഴേക്കിട്ടു.
'സംഘി ചാൻസലർ വാപസ് ജാവോ' എന്നെഴുതിയ നിരവധി ബാനറുകളാണ് സ്ഥാപിച്ചിരുന്നത്.
പിന്നാലെ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ എത്തിയ നൂറോളം പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിനിന്ന് ബാനർ തിരിച്ചുകെട്ടി. അഞ്ഞൂറോളം പൊലീസുകാർ അതു നോക്കി നിന്നു.
സർകലാശാല സംഘടിപ്പിക്കുന്ന `ശ്രീനാരായണ ഗുരു നവോഥാനത്തിന്റെ പ്രവാചകൻ'- എന്ന വിഷയത്തിൽ സർവകലാശാല ഇന്നു നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണർ ഇവിടെ തങ്ങുന്നത്.
കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ സർവകലാശാലാ ക്യാമ്പസിലെത്തിയ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങവേയാണ് ബാനർ ശ്രദ്ധയിൽപ്പെട്ടതും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതും.
മുഖ്യമന്ത്രിയോട് ചെയ്യുമോ?
മലപ്പുറം എസ്.പി എസ്.ശശിധരനോട് അതിരൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. ''ഈ ബാനർ ഇപ്പോൾ നീക്കം ചെയ്തില്ലെങ്കിൽ ഞാനിപ്പോൾ ഇവിടെനിന്ന് പോകും. നിങ്ങളാകും ഉത്തരവാദി. ആരുടെയും അകമ്പടി വേണ്ട. നിങ്ങൾ തന്നെ ബാനർ മാറ്റണം. മുഖ്യമന്ത്രിയാണെങ്കിൽ നിങ്ങൾ ഇതിന് അനുവദിക്കുമോ. എന്നെ അപമാനിക്കാനാണോ ഭാവം. ഇപ്പോൾ തന്നെ നീക്കണം, അല്ലെങ്കിൽ നിങ്ങൾ മറുപടി പറയേണ്ടി വരും. നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ..'
പിന്നാലെ, എസ്.പി ബാനർ അഴിച്ചുമാറ്റുകയായിരുന്നു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ എം.കെ.ജയരാജിനെ ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി ഗവർണർ ശാസിക്കുകയും ചെയ്തു. എന്തു നടപടിയെടുത്തെന്ന് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
വി.സി. ചെയ്യട്ടെയെന്നു പറഞ്ഞ്
പൊലീസ് ഒഴിഞ്ഞുമാറി
ബാനർ നീക്കേണ്ടത് വി.സിയുടെ അധീനതയിലുള്ള കാര്യമാണെന്ന് പറഞ്ഞ് പൊലീസ് വൈകിട്ടുവരെ നടപടിയെടുക്കാതിരുന്നതാണ് ഗവർണറെ കൂടുതൽ ചൊടിപ്പിച്ചത്. സർവകലാശാലയുടെ വിവിധ ഇടങ്ങളിലും ഗവർണർ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് സമീപത്തുമായിരുന്നു 'സംഘി ചാൻസലർ വാപസ് ജാവോ"എന്നെഴുതിയ നിരവധി ബാനറുകൾ സ്ഥാപിച്ചിരുന്നത്. ക്യാമ്പസിലെ റോഡിൽ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചു. ഇവ കണ്ട് അസ്വസ്ഥനായ ഗവർണർ ഉടനടി നീക്കാൻ എസ്.പിക്ക് നിർദ്ദേശവും നൽകി.രാജ്ഭവൻ സെക്രട്ടറിയെയേും ഫോണിൽ വിളിച്ചു ഇക്കാര്യം ആവശ്യപ്പെട്ടു. ബാനറിലെ വാക്കുകളടക്കം എടുത്ത് പറഞ്ഞ് മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ വച്ചാണ് രാജ്ഭവൻ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയത്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനാണെന്നും എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്നും ചോദിച്ച് വി.സിയോട് വിശദീകരണം ചോദിക്കാനും ഫോണിലൂടെ നിർദ്ദേശിച്ചിരുന്നു.
ഭരണ സംവിധാനം
മുഖ്യമി തകർക്കുന്നു :
രാജ്ഭവൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണസംവിധാനം തകർക്കുന്നുവെന്ന ഗുരുതര ആരോപണവുമായി രാജ്ഭവൻ വാർത്താകുറിപ്പ് ഇറക്കി.
കേരളത്തിൽ ആദ്യമായാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ പത്രക്കുറിപ്പ് ഇറക്കുന്നത്.
ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ സംഭവിക്കില്ല. ഇതിനെ അതീവ ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. സംസ്ഥാനത്ത് ഭരണസംവിധാനം തകരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത് -പത്രക്കുറിപ്പിൽ പറയുന്നു.
`പ്രതിഷേധത്തെ തല്ലിയൊതുക്കാം എന്നാണോ ? വിവരദോഷത്തിന് അതിരുവേണം. ഈ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല".
- പിണറായി വിജയൻ,
മുഖ്യമന്ത്രി
അയാൾ കക്കൂസ് കഴുകാൻ പറയുമ്പോൾ കഴുകിക്കോണം. എസ്.എഫ്.ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറരുത്. ഞങ്ങളെ തടയരുത്.മിണ്ടാതെ നിന്നോണം"
പി.എം.ആർഷോ
എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി