നിലമ്പൂർ: അമരമ്പലത്ത് കരടിശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അമരമ്പലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയിലേക്ക് മാർച്ച് നടത്തി.
തേൾപ്പാറ, പൊട്ടിക്കല്ല് പ്രദേശത്ത് തേൻകർഷകരുടെ കൃഷിയിടങ്ങളിലാണ് കരടിയെത്തുന്നത്. ജനങ്ങൾക്ക് രാത്രിയും പകലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. 24 മണിക്കൂർ ഫോറസ്റ്റ് പട്രോളിംഗും നിരീക്ഷണ ക്യാമറ അടക്കമുള്ള സൗകര്യങ്ങളും കരടിയെ പിടിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്ന് നിലമ്പൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമീർ പൊറ്റമ്മൽ പത്രസമ്മേളനത്തിൽ അറിയിച്ചു
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി.എം.എസ്. ആസിഫ് , അമരമ്പലം മണ്ഡലം യൂത്ത് പ്രസിഡന്റ് രാഹുൽ തേൾപ്പാറ, സൈഫു ഏനാന്തി, പ്രബീഷ് അമരമ്പലം തുടങ്ങിയവർ നേതൃത്വം നൽകി