governer

തേഞ്ഞിപ്പലം: കണ്ണൂരിലെ അക്രമങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. രാജ്യത്തെ മികച്ച പൊലീസ് സേനകളിൽ ഒന്നായ കേരളാ പൊലീസിനെ നിഷ്‌ക്രിയമാക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും കുറ്റപ്പെടുത്തി. കാലിക്കറ്റ് സർവകലാശാലയിൽ പൊലീസ് നീക്കിയ ബാനർ വീണ്ടും ഉയർത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യമില്ല. ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരെ ക്രിമിനൽ ഗുണ്ടാസംഘമെന്ന് വിശേഷിപ്പിച്ചു. പൊലീസ് സുരക്ഷയിൽ ഇവരെ പറഞ്ഞുവിട്ടിരിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. പിന്നാലെ, പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് കോഴിക്കോട് മിഠായി തെരുവിലേക്ക് പോയത്.

ഗവർണറുടെ സുരക്ഷയ്ക്കായി ആയിരം പൊലീസുകാരെയാണ് ക്യാമ്പസിൽ നിയോഗിച്ചത്. രണ്ടുദിവസവും ക്യാമ്പസിലെ റോഡിലൂടെ ഇറങ്ങിനടന്ന ഗവർണർ ഇന്നലെ 11.30ഓടെ ഗസ്റ്റ്ഹൗസിൽ നിന്നിറങ്ങി മാദ്ധ്യമങ്ങളെ കണ്ടശേഷം കാമ്പസിനകത്ത് നടക്കാതെ നേരെ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. ബാനറുകൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടാത്ത വിധം മുൻഗേറ്റിലൂടെയാണ് പൊലീസ് യാത്രാവഴിയൊരുക്കിയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് ക്യാമ്പസിനകത്തെ സെമിനാർ കോംപ്ളക്സിലേക്കും ബാനറുകളോ പ്രതിഷേധങ്ങളോ ശ്രദ്ധയിൽപ്പെടാത്ത വിധത്തിൽ വൻ സുരക്ഷയിലായിരുന്നു ഗവർണറുടെ സഞ്ചാരം.

ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് സെമിനാർ ആരംഭിക്കുന്നതിന് മുമ്പ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് നൂറ്മീറ്റർ അകലെ ബാരിക്കേഡ് തീർത്ത് പ്രവർത്തകരെ പൊലീസ് തടഞ്ഞു. 'സംഘി ചാൻസലർ വാപ്പസ് ജാവോ' എന്നെഴുതിയ കറുത്ത ടീഷർട്ടണിഞ്ഞും കറുത്ത ബലൂണുകൾ പറത്തിയും കരിങ്കൊടിയേന്തിയുമായിരുന്നു പ്രതിഷേധം. ഗവർണർക്കെതിരെ രൂക്ഷമുദ്രാവാക്യങ്ങളുയർത്തി. ബാരിക്കേഡ് തകർത്ത് ഗസ്റ്റ്ഹൗസിന് സമീപത്തേക്ക് ഓടിയ വനിതാപ്രവർത്തകരടക്കം അമ്പതോളം പേരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. ചെറിയ ലാത്തിച്ചാർജ്ജ് ഒഴിച്ചുനിറുത്തിയാൽ ബാരിക്കേഡിന് മുകളിലടക്കം കയറിയ പ്രവർത്തകരെ പൊലീസ് സംയമനത്തോടെ നേരിട്ടു. പൊലീസുമായി ഏറ്റുമുട്ടരുതെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതാക്കൾ പ്രവർത്തകരെ പലവട്ടം ഓർമ്മിപ്പിച്ചു. മുദ്രാവാക്യങ്ങളും പാട്ടുകളുമായാണ് പ്രതിഷേധം നടത്തിയത്.

സെമിനാർ കോംപ്ലക്സിന് സമീപം പ്രതിഷേധിച്ച എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ചാൻസലറുടെ സംഘപരിവാർ അനുകൂലനയത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് എ.ഐ.എസ്.എഫ് അറിയിച്ചു.

ഇന്നലെയും ഗവർണർക്ക് മുന്നിൽ പ്രതിഷേധം നടത്താൻ എസ്.എഫ്.ഐക്ക് കഴിഞ്ഞിരുന്നില്ല.

വൈസ് ചാൻസലർ പങ്കെടുത്തില്ല

സനാതന ധർമ്മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ സെമിനാറിൽ അദ്ധ്യക്ഷനാകേണ്ടിയിരുന്ന കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ എം.കെ.ജയരാജ് പങ്കെടുത്തില്ല. പ്രോ വൈസ് ചാൻസലറെയും നിയോഗിച്ചില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി.സി നിന്ന് വിട്ടുനിന്നത്. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് അദ്ധ്യക്ഷത വഹിച്ചത്. വി.സിയെ ഇന്നലെയും ഗവർണർ വിമർശിച്ചിരുന്നു.