
എടക്കര : നാടുകാണി ജീൻപൂളിൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി സിപ്പ് ലൈൻ തയ്യാറാകുന്നു. തമിഴ്നാട് വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇരുവശങ്ങളിലേക്കുമായി 650 മീറ്റർ ദൂരത്തിൽ സിപ്പ്ലൈൻ നിർമ്മിച്ചത്. ഉയർന്ന ടവറുകളിൽ നിന്നും കമ്പികൾ 15 മീറ്റർ ഉയരത്തിലാണ് വലിച്ചിട്ടുള്ളത്. നാടുകാണി അങ്ങാടിയോട് ചേർന്നാണ് ജീൻപൂൾ സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ രണ്ടായിരത്തോളം വ്യത്യസ്ഥ സസ്യങ്ങളും മരങ്ങളും ഇവിടെ ജനിതക ആവശ്യങ്ങൾക്കായി വളർത്തുണ്ട്. സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ, വാഹനങ്ങളിൽ കാടുകളിലൂടെയുളള സഫാരി, അക്വേറിയം, പ്ലാന്റോറിയം, ഭക്ഷണശാല എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. നിർമ്മാണം പൂർത്തിയായ സിപ്പ്ലൈനിൽ ജീവനക്കാർക്കുള്ള പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം നടക്കും.
നൂറുകണക്കിന് മലയാളികളാണ് തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസവും സഞ്ചരിക്കുന്നത്. ഇവർ അതിർത്തിയിലുള്ള ജീൻപൂൾ സന്ദർശിച്ച ശേഷമാണ് മറ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തുടരുന്നത്. കൂടാതെ പഠന, ഗവേഷണ ആവശ്യങ്ങൾക്കായി സംസ്ഥാനത്തും തമിഴ്നാട്ടിലുമുള്ള സസ്യശാസ്ത്ര വിദ്യാർത്ഥികളും ഇവിടെ എത്തുന്നുണ്ട്. സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ലെന്ന് നാടുകാണി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വീരമണി പറഞ്ഞു.