
മലപ്പുറം: മണ്ഡലകാലമൊക്കെയല്ലേ, ഊണിന് നല്ലൊരു സാമ്പാർ ഉണ്ടാക്കിയാലോ എന്നാണോ ചിന്തയെങ്കിൽ പച്ചക്കറിയുടെ വില കേട്ടാൽ തീരുമാനം തന്നെ മാറ്റും. സാമ്പാറിലെ പ്രധാനികളായ മുരിങ്ങയ്ക്കയ്ക്കും വെണ്ടയ്ക്കും പൊള്ളുന്ന വിലയാണ്.
മുരിങ്ങയ്ക്കയുടെ ആവശ്യകത വർദ്ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ വില അനുദിനം കൂടുന്നുണ്ട്. 60 രൂപയിൽ നിന്ന് മുരിങ്ങയ്ക്കയുടെ വില നൂറ് തൊട്ടു. കഴിഞ്ഞ മാസം വരെ തമിഴ്നാട്ടിൽ നിന്ന് മുരിങ്ങയ്ക്ക വലിയതോതിൽ ജില്ലയിലേക്ക് കൊണ്ടുവന്നിരുന്നു. കിലോയ്ക്ക് 30 രൂപ വരെയായി താഴ്ന്നിരുന്നു. 30-35 രൂപ ഉണ്ടായിരുന്ന വെണ്ടയുടെ വില 50- 60 രൂപ നിരക്കിൽ എത്തിയിട്ടുണ്ട്.
നാടൻ പച്ചക്കറികളുടെ ലഭ്യത കുറയുകയും തമിഴ്നാട്ടിലും കർണാടകയിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വലിയതോതിൽ കൃഷി നശിച്ചതുമാണ് ഇപ്പോൾ പച്ചക്കറി വില കുത്തനെ ഉയരാൻ കാരണം.മണ്ഡലകാലത്ത് പച്ചക്കറികളുടെ ഉപയോഗം കൂടുമെന്നതിനാൽ വില വർദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കും. ഇത്തവണ ഉത്പാദനം കൂടിയതോടെ മണ്ഡലകാലത്തിന്റെ തുടക്കത്തിൽ പച്ചക്കറിയുടെ വില വർദ്ധിച്ചിരുന്നില്ല. ഈ ആശ്വാസത്തിനിടയിലാണ് മഴയിൽ വ്യാപകമായി കൃഷി നശിച്ചത്. ഗുണ്ടൽപേട്ട, മൈസൂരു, ബംഗളൂരു, ഒട്ടംഛത്രം, മേട്ടുപാളയം, ഊട്ടി, വേലത്താവളം എന്നീ മൊത്ത വിതരണ മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്. ഇതിൽതന്നെ ഗുണ്ടൽപ്പേട്ട മാർക്കറ്റിൽ നിന്നാണ് കൂടുതലും.
തക്കാളിയുടെ വരവും ഗുണ്ടൽപ്പേട്ടിൽ നിന്നായിരുന്നു. വില വലിയ തോതിൽ കൂടിയതോടെ മൊത്ത വിതരണ കേന്ദ്രങ്ങളിൽ പച്ചക്കറികൾ കെട്ടിക്കിടക്കുന്നുണ്ട്.