
ആലത്തൂർ: സി.ഡിറ്റിലെ എഫ്.എം.എസ്- എം.വി.ഡി പ്രൊജക്ടിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് ഇന്നേക്ക് 53 ദിവസമായി. സി.ഡിറ്റിലെ മറ്റെല്ലാ ജീവനക്കാർക്കും ശമ്പളം ലഭിച്ചപ്പോഴാണ് എഫ്.എം.എസ്- എം.വി.ഡി പ്രൊജക്ട് ജീവനക്കാരുടെ ദുർഗതി.
ലക്ഷങ്ങൾ മുടക്കി വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ശമ്പളം നൽകാൻ പണമില്ലെന്ന് പറയുന്നത്. മറ്റു പല പദ്ധതികളുടെയും തുക കൃത്യമായി വാങ്ങിച്ചെടുക്കാൻ പോലും തയ്യാറാകാതെ എഫ്.എം.എസ്- എം.വി.ഡി പ്രോജക്ടിൽ നിന്ന് ലഭിക്കുന്ന തുക മറ്റ് പ്രോജക്ടുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വിനിയോഗിക്കുന്നതായും ജീവനക്കാർ ആരോപിക്കുന്നു. ഇത് സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്നും ഒരു വിഭാഗം പറയുന്നു.
ജീവനക്കാർക്ക് 20 കാഷ്വൽ ലീവുണ്ടെങ്കിലും 12 എണ്ണം മാത്രമാണ് നൽകുന്നത്. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും കോൺട്രാക്ട് ബ്രേക്ക് വരുത്തി മറ്റ് ആനുകൂല്യങ്ങളിൽ നിന്നും ഇവരെ പടിക്ക് പുറത്ത് നിറുത്തുകയാണ്. മാനദണ്ഡം കാറ്റിൽ പറത്തി ഇവരെ സ്ഥലം മാറ്റുന്നതും പതിവാണെന്ന് ജീവനക്കാർ പറയുന്നു.
ഇത്തരത്തിലുള്ള രീതി എൽ.ഡി.എഫ് നയങ്ങൾക്കെതിരാണ്. ഇത് തിരുത്തി എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണം.
-കെ.ജി.ശിവാനന്ദൻ, പ്രസിഡന്റ്, സി.ഡിറ്റ് എംപ്ലോയീസ് ഫെഡറേഷൻ.
എം.വി.ഡി പ്രൊജക്ടിൽ നിന്ന് കൃത്യമായി തുക ലഭിക്കാത്തതിനാലാണ് ശമ്പളം വൈകുന്നത്. നിലവിലെ പ്രൊജക്ടിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണും.
-സി.ഡിറ്റ് രജിസ്ട്രാർ.