
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ പത്മശ്രീ നേടിയ ബാലൻ പൂതേരി ഉൾപ്പെടെയുള്ള ഗവർണറുടെ എട്ട് നോമിനികളെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവച്ചു. സംഘപരിവാർ ബന്ധവും ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്നും ആരോപിച്ച് നൂറിലധികം വരുന്ന എസ്.എഫ്.ഐക്കാർ സെനറ്റ് ഹാളിന്റെ ഗേറ്റും രണ്ട് വഴികളും തടഞ്ഞതോടെ ഇവർക്ക് യോഗത്തിൽ പങ്കെടുക്കാനായില്ല.18 പേരെയാണ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ പുതുതായി നോമിനേറ്റ് ചെയ്തത്. ഇതിൽ ഒമ്പത് പേർക്കെതിരെയാണ് സംഘപരിവാർ ബന്ധം ആരോപിക്കപ്പെട്ടത്. ഗവർണറുടെ നോമിനികളിൽ ബാലൻ പൂതേരി, തൃശൂർ ചേർപ്പ് സി.എൻ.എൻ ബോയ്സ് എച്ച്.എസ്.എസിലെ എ.ആർ.പ്രവീൺകുമാർ, പുറനാട്ടുകര വിദ്യാമന്ദിർ എച്ച്.എസ്.എസിലെ സി.മനോജ്, മലപ്പുറം അറയ്ക്കൽ യു.പി.എസിലെ എ.വി.ഹരീഷ്, പുകയൂർ കുന്നത്ത് അഫ്സൽ സഹീർ, കോഴിക്കോട് എരഞ്ഞിപ്പാലം എ.കെ.അനുരാജ്, പട്ടാമ്പി എസ്.എൻ.ജി.എസിലെ സി.സ്‌നേഹ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പി.എം.അശ്വിൻ എന്നിവരാണ് യോഗത്തിനെത്തിയത്. ഒരാൾ എത്തിയില്ല.
രാവിലെ 10നാണ് സെനറ്റ് യോഗം നിശ്ചയിച്ചിരുന്നത്. പ്രതിഷേധം മുന്നിൽ കണ്ട് ഗവർണറുടെ നോമിനികൾ നേരത്തേ സെനറ്റ് ഹാളിനു മുന്നിലെത്തിയെങ്കിലും അതിനുമുമ്പ് എസ്.എഫ്.ഐ പ്രവർത്തകർ ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എട്ടുമണിയോടെ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിരോധം. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളുടെ പേരും സംഘടനാ വിവരങ്ങളുമടക്കം ചോദിച്ചാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. സി.പി.എം, മുസ്ലിം ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചു. അഞ്ച് അജൻഡകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. യു.ഡി.എഫ് വിദ്യാർത്ഥി പ്രതിനിധികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജൻഡകൾ കൈയടിച്ച് പാസാക്കി. ഇത് യു.ഡി.എഫ്-എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ കൈയാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാക്കി. ഇതോടെ കാൽമണിക്കൂറിനകം യോഗം അവസാനിപ്പിച്ചു. പൊലീസ് ബലം പ്രയോഗിച്ച് എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തുനീക്കുന്നത് അപ്പോഴും പൂർത്തിയായിരുന്നില്ല.
എസ്.എഫ്.ഐ പ്രതിഷേധം മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിൽ പരാതി നൽകിയെന്നും വൈസ് ചാൻസിലർ എം.കെ. ജയരാജ് പറഞ്ഞു. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും തടയുകയെന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ബാലൻ പൂതേരി പറഞ്ഞു.
ഗവർണർ നിയമോപദേശം തേടി
നേരത്തെ കാലിക്കറ്റ് വി.സി ചാൻസിലറായ ഗവർണർക്ക് സെനറ്റ് നാമനിർദ്ദേശത്തിനുള്ള പട്ടിക നൽകിയപ്പോൾ പാനൽ നൽകാൻ നിർദ്ദേശിച്ചിരുന്നു. ഇതിൽ രണ്ടുപേരെ മാത്രം പരിഗണിച്ചപ്പോൾ ബാക്കി 16 പേരെയും ഗവർണർ നോമിനേറ്റ് ചെയ്തു. മൂന്നുപേർ കോൺഗ്രസും ഒരാൾ മുസ്ലിം ലീഗുകാരനുമാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമുണ്ട്. കഴിഞ്ഞ തവണ 18 പേരും സി.പി.എമ്മുകാരായിരുന്നു. ആകെ 108 പേരാണ് സെനറ്റിലുള്ളത്. തന്റെ നോമിനികളെ എസ്.എഫ്.ഐ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. സെനറ്റ് ഹാളിന്റെ നിയന്ത്രണം എസ്.എഫ്.ഐ പ്രവർത്തകർ കൈയടക്കിയതിനെതിരെ 25 യു.ഡി.എഫ് സെനറ്റംഗങ്ങൾ ഗവർണർക്ക് പരാതി നൽകി.