മലപ്പുറം: കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ (കാസ്‌പ്) ജില്ലയിലെ 80 സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള 100 കോടി രൂപ കുടിശ്ശിക നവംബറിനകം നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ധനവകുപ്പിന്റെ പരിഗണനയിലുള്ള ഫയൽ ഉടൻ അംഗീകരിക്കുമെന്നാണ് പദ്ധതിയുടെ ചുമതലക്കാരായ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആശുപത്രികളെ അറിയിച്ചിരുന്നത്. ഈമാസവും തുക അനുവദിച്ചിട്ടില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടി വരുമെന്നത് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിക്കാനാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക കുടിശ്ശികയായി കിടക്കുന്നത് മലപ്പുറത്താണ്. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിന് പിന്നാലെ രണ്ടുമാസത്തിനകം തുക പൂർണ്ണമായും നൽകുമെന്ന് സെപ്തംബറിൽ സർക്കാർ ഉറപ്പേകിയിരുന്നു. നേരത്തെ നാമമാത്രമായ തുക അനുവദിച്ചിരുന്നെങ്കിൽ രണ്ടുമാസമായി ഇതും ലഭിക്കുന്നില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നു. തുക അനുവദിക്കുന്നത് സംബന്ധിച്ച വ്യക്തമായ നിർദ്ദേശം ലഭിക്കാത്തതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറുന്ന ആശുപത്രികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ജില്ലയിൽ 104 ആശുപത്രികൾ ഉൾപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ 80 ആശുപത്രികളായി ചുരുങ്ങിയിട്ടുണ്ട്. 24 ആശുപത്രികൾ ഇതിനകം തന്നെ പദ്ധതിയിൽ നിന്ന് പിന്മാറി. രോഗി ഡിസ്‌ചാർജ്ജായി 15 ദിവസത്തിനകം ആശുപത്രികൾക്ക് സർക്കാർ പണം നൽകുമെന്നാണ് കരാർ.
തിരിച്ചടിയാവുക സാധാരണക്കാർക്ക്
കേന്ദ്ര- സംസ്ഥാന പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് പദ്ധതിയായി നടപ്പാക്കിയത്. കുടുംബത്തിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐ.സി.യു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. 2019ലാണ് അവസാനമായി പദ്ധതിയിലേക്ക് പുതുതായി അംഗങ്ങളെ ചേർത്തത്. സാമ്പത്തിക ഭാരം മുൻനിറുത്തി സർക്കാർ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല. മുൻഗണനാ കാർഡുകൾ, വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ, വിവിധ ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ എന്നിവർക്കാണ് പദ്ധതിയിൽ ചേരാനുള്ള അർഹത. നിർധന രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണിത്.
മരുന്ന്, സ്റ്റെന്റ് ഉൾപ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിയ വകയിൽ കമ്പനികൾക്ക് വലിയ തുക കുടിശ്ശിക നൽകാനുണ്ട്. വായ്പയെടുത്താണ് ആശുപത്രിയുടെ ചെലവുകൾ മുന്നോട്ടുകൊണ്ടുപോവുന്നത്.
സി.പി. നൗഷാദ് നിയാസ്, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹി
കുടിശ്ശിക വേഗത്തിൽ തീർപ്പാക്കണം
മലപ്പുറം: കാസ്‌പ് പദ്ധതിയിലെ കുടിശ്ശിക വേഗത്തിൽ തീർപ്പാക്കിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സ്വകാര്യ ആശുപത്രികൾ നിർബന്ധിതരാവുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭീമമായ സംഖ്യ ഓരോ ആശുപത്രികൾക്കും സർക്കാർ നൽകാനുണ്ട്. പദ്ധതിയിൽ ഉൾപ്പെട്ട ചെറുകിട, ഇടത്തരം ആശുപത്രികളുടെ 70 മുതൽ 80 ശതമാനം വരെ വരുമാനം കാസ്പിൽ നിന്നാണ്. ജീവനക്കാരുടെ വേതനം വരെ ലോണെടുത്ത് നൽകേണ്ട നിലവിലെ സ്ഥിയിൽ കുടിശ്ശിക തീർക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഭാരവാഹികളായ നിയാസ് മുഹമ്മദ്, സി.പി.നൗഷാദ് നിയാസ്, അഹമ്മദ് അലി, സലീം മുന്നിയൂർ, പി.മുഹമ്മദ് ജുനൈസ്, എം.ടി.ഷഫീഖ്, നിഹ്‌മത്ത് ആവശ്യപ്പെട്ടു.