vc

തേഞ്ഞിപ്പലം: ഗവർണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഗേറ്റ് ചാടിക്കടന്ന അഞ്ച് പ്രവർത്തകർ സിറ്റൗട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദും വനിതാ പ്രവർത്തകരുമടക്കം പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ 10 പ്രവർത്തകർക്ക് പരിക്കേറ്റു.

സർവകലാശാല ഭരണകാര്യാലയത്തിലേക്കാണ് പ്രതിഷേധ മാർച്ച് തീരുമാനിച്ചിരുന്നത്. എന്നാൽ വൈസ് ചാൻസലർ അവധിയിലായതിനാൽ വസതിയിലേക്ക് മാർച്ച് മാറ്റി. എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ്, ദേശീയ നിർവാഹക സമിതി അംഗം യദു കൃഷ്ണൻ, കേന്ദ്ര പ്രവർത്തകസമിതി അംഗം എൻ.സി.ടി. ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.