മലപ്പുറം: ജില്ലയിൽ നവകേരള സദസിൽ ലഭിച്ച 81,354 പരാതികളിൽ 20 ദിവസം കൊണ്ട് തീർപ്പാക്കിയത് 3,100 എണ്ണം. ലഭിച്ച 30 ശതമാനത്തോളം പരാതികളിൽ തുടർനടപടികളിലേക്ക് കടന്നിട്ടുണ്ട്. നവംബർ 27 മുതൽ 30 വരെയാണ് ജില്ലയിൽ നവകേരള സദസ് നടന്നത്. പരാതികൾ ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവികൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പോർട്ടൽ മുഖേന കൈമാറിയിരുന്നു. ഇതിൽ പരാതിക്കാർക്ക് ർഇടക്കാല മറുപടി നൽകിയിട്ടുണ്ട്. പരാതികൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് പരാതിക്കാരന് മറുപടി നൽകുമെന്നത് പാലിക്കാനായിട്ടില്ല. ഈമാസം 31നകം ഇത് പൂർത്തിയാക്കുക ലക്ഷ്യമിട്ട് ഉദ്യോഗസ്ഥതല നടപടികൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റൽ, ലൈഫ് പദ്ധതിയിൽ വീടിനുള്ള അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലെ സഹായം, ചികിത്സാ സഹായം, വന്യജീവി ശല്യം എന്നിങ്ങനെയാണ് ലഭിച്ച കൂടുതൽ പരാതികളും. ഭൂമി തരം മാറ്റുന്നതിനും, ലൈഫ് പദ്ധതിയിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നതിലും സർക്കാർ തലത്തിൽ തീരുമാനമെടുക്കണം. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ പരമാവധി 45 ദിവസത്തിനകം പരിഹാരം കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഏറെയും ഏറനാട്ടിൽ
ജില്ലയിൽ ഏറനാട് മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് -7,605 എണ്ണം. ഏറ്റവും കുറവ് പരാതികൾ തവനൂരിലും- 3,766 എണ്ണം.