
മലപ്പുറം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകൾ ജില്ലയിൽ ഇന്ന് മുതൽ തുടങ്ങും. ഡിസംബർ 31 വരെയായി 17 ഉപജില്ലകളിലായി 24 ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ആദ്യമായി ഈ വർഷം മുതലാണ് എ.ഐ. ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡിയെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്യും. നിർമ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവ തയ്യാറാക്കും.