sasmastha

മലപ്പുറം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. നിലപാട് തിരുത്തിയില്ലെങ്കിൽ ദളിതരും ന്യൂനപക്ഷങ്ങളും തങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള രാഷ്ട്രീയ ബദലിലേക്ക് ചേക്കേറുമെന്നും മുന്നറിയിപ്പ് നൽകുന്നു.

'പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോൺഗ്രസ്" എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച സി.പി.എം നേതൃത്വത്തെ പുകഴ്ത്തുന്നുണ്ട്. ക്ഷണം ലഭിച്ചയുടൻ പങ്കെടുക്കില്ലെന്ന് തലയുയർത്തി പറയാൻ യെച്ചൂരി കാണിച്ച ആർജ്ജവം സോണിയയ്ക്കുണ്ടോയെന്നാണ് ചോദ്യം.


ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകൾ ചോരാതിരിക്കാൻ ചടങ്ങിൽ പങ്കെടുക്കാമെന്നാണ് കോൺഗ്രസ് നിലപാട്. ഇതിൽ പുനർവിചിന്തനം ഉണ്ടായില്ലെങ്കിൽ 2024ലും ബി.ജെ.പി തന്നെ രാജ്യം ഭരിക്കും. കോൺഗ്രസ് ചരിത്രപുസ്തകങ്ങളിൽ ചവറുമാത്രമായി ഒതുങ്ങും. മൃദുഹിന്ദുത്വ നിലപാടാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായത്. മതവിശ്വാസത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗപ്പെടുത്തണമെന്ന മണ്ടത്തരം ആരാണ് കോൺഗ്രസിന് ഓതിക്കൊടുക്കുന്നത്?


ബാബ്‌റി മസ്ജിദിനൊപ്പം തകർക്കപ്പെട്ട ഇന്ത്യൻ മതേതര മനസിന് മുകളിലാണ് രാമക്ഷേത്ര വാതിലുകൾ തുറക്കപ്പെടുന്നത്. മതേതര ജനാധിപത്യ കക്ഷികളെ ഒരുമിപ്പിച്ചു നിറുത്താനുള്ള നിലപാടിലേക്ക് കോൺഗ്രസ് നേതൃത്വം തിരിച്ചുപോകണം. രാജ്യത്തെ മതവത്കരിക്കാനുള്ള ബി.ജെ.പിയുടെ കെണികളിൽ വീഴാതിരിക്കാനുള്ള ജാഗ്രതയും കൈവിടരുത്.