
പള്ളിക്കൽ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണകാര്യാലയത്തിൽ വച്ച് വിപുലമായ രീതിയിൽ ഭിന്നശേഷി ഗ്രാമസഭ നടത്തി. നേരത്തെ അപേക്ഷ നൽകിയവർക്കായി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ വിവിധ ഉപകരണങ്ങൾ വേദിയിൽ വെച്ച് വിതരണം ചെയ്തു. വീൽചെയർ, വാക്കർ, ബെഡ്, തെറാപ്പി മാറ്റ്, തെറാപ്പി ബോൾ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങളും വിദ്യാർഥികൾക്കുള്ള പഠനമേശയുൾപ്പെടെയുള്ള പഠനേപകരണങ്ങളുമാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വിമല അദ്ധ്യക്ഷയായി. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി മുസ്‌കഫ തങ്ങൾ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.സി ലത്തീഫ്, ശുഹൈബ് അമ്പലഞ്ചീരി, സുഹറ പഴേരി, മെംബർമാരായ ചെമ്പാൻ മുഹമ്മദലി, എൻ.പി. നിധീഷ്, ലത്തീഫ് കൂട്ടാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.ശമീൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എ.പി ഷാനി ജസ്റ്റി എന്നിവർ സംസാരിച്ചു.