hhhhhh

മലപ്പുറം: സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും രാത്രികാല സർവീസിന് മടിക്കുന്നത് മൂലം യാത്രക്കാർ പെരുവഴിയിൽ. രാത്രി 8.30 കഴിഞ്ഞാൽ ജില്ലയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകൾ നാമമാത്രമാണ്. മഞ്ചേരി - മലപ്പുറം, മലപ്പുറം -കോട്ടക്കൽ, തിരൂർ - കോട്ടക്കൽ, മലപ്പുറം - പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്ക് ബസ് സർവീസില്ല. രാത്രി സർവീസ് കൂടി ഉൾപ്പെടുത്തിയാണ് മോട്ടോർ വാഹന വകുപ്പ് ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നത്. എന്നാൽ,​ യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ രാത്രിയിൽ സർവീസ് നടത്തുന്നില്ല.

എറണാകുളം-കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയിൽ ഇറങ്ങിയാൽ മലപ്പുറത്തേക്ക് വരാൻ ബസില്ല. കോട്ടക്കലിൽ രാത്രി 8.20നെത്തുന്ന തൃശൂർ - മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ശബരിമല സർവീസിന് പ്രയോജനപ്പെടുത്തുന്നുണ്ട്. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. രാത്രി എട്ടിന് ശേഷം മലപ്പുറത്ത് നിന്ന് കോട്ടക്കലിലേക്കും നാമമാത്രമായ സർവീസാണുള്ളത്. അവസാന ബസ് രാത്രി 9.15നാണ്.

നേരത്തെ മലപ്പുറം ഡിപ്പോയിൽ നിന്ന് രാത്രിയിലടക്കം കെ.എസ്.ആർ.ടി.സി നടത്തിയിരുന്ന സർവീസുകൾ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. കൊവിഡിന് ശേഷം നിറുത്തലാക്കിയ സർവീസുകൾ ഭൂരിഭാഗവും പുനഃരാരംഭിച്ചിട്ടില്ല. യാത്രക്കാർ ഏറെയുള്ള തിരൂർ - മഞ്ചേരി റൂട്ടിലെ 16 സർവീസുകൾ മൂന്നായി ചുരുക്കിയിട്ടുണ്ട്. വന്ദേഭാരതിൽ വന്നിറങ്ങുന്ന യാത്രക്കാർക്കായി രാത്രി 8.50ന് തിരൂരിൽ നിന്ന് പുതിയ സർവീസ് തുടങ്ങിയത് മാത്രമാണ് ആശ്വാസം. നേരത്തെ രാത്രി എട്ടിന് ശേഷം തിരൂരിൽ നിന്ന് മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് ബസ് ഉണ്ടായിരുന്നില്ല.

എന്ന് തുടങ്ങും സർവീസുകൾ
മലപ്പുറം ഡിപ്പോയിൽ നിന്ന് 65 സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 32 എണ്ണം മാത്രമാണുള്ളത്. പരപ്പനങ്ങാടി സർവീസ് പൂർണ്ണമായും ഇല്ലാതായി. കോഴിക്കോട് - പാലക്കാട് റൂട്ടിൽ 14 സർവീസുകളാണുള്ളത്. ഓരോ അരമണിക്കൂറിന് ഇടയിലും സർവീസ് ഉണ്ടായിരുന്ന സ്ഥാനത്താണിത്. തിരുവനന്തപുരത്തേക്ക് അഞ്ച് സർവീസുകളുണ്ട്.