
സംസ്ഥാനത്ത് കാണാതാവുന്നവരുടെ എണ്ണം വർഷംതോറും വർദ്ധിക്കുന്നതായി സ്‌റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. സംസ്ഥാനത്ത് എട്ട് വർഷത്തിനിടെ 81,564 പേരെ കാണാതായതുമായി ബന്ധപ്പെട്ട പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇവരിൽ 80 ശതമാനം പേരെയും പിന്നീട് കണ്ടെത്തി. ബാക്കിയുള്ള 20 ശതമാനം പേർ എവിടെയെന്ന് സംബന്ധിച്ച് ആർക്കും വ്യക്തമല്ല. ഇവരിൽ പലർക്കും വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്.
2016ൽ 7,435 പേരെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി ലഭിച്ചു. എന്നാൽ തൊട്ടടുത്ത വർഷം 2017ൽ പരാതികളുടെ എണ്ണം 9,202 ആയി ഉയർന്നു. 2018ൽ 11,536 പരാതികളും 2019ൽ 12,802 പരാതികളും ലഭിച്ചു. 2020, 2021, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 8742, 9713, 11259 എന്നിങ്ങനെയാണ്. ഈ വർഷം നവംബർ വരെ 10,875 പരാതികളും ലഭിച്ചിട്ടുണ്ട്.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കാണാതായവരുടെ പട്ടികയിലുണ്ട്.
മോശപ്പെട്ട ജീവിത സാഹചര്യങ്ങൾ കൊണ്ടും ശിഥിലമായ കുടുംബാന്തരീക്ഷം മൂലവും നാട് വിടുന്നവരുണ്ട്. മാത്രമല്ല, അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാർക്കൊപ്പം നാട് വിടുന്നവരുമുണ്ട്. പ്രണയത്തിൽ കുടുങ്ങി വീട് വിട്ടുപോകുന്നവരാണ് കൂടുതൽ. ചിലരെ തട്ടിക്കൊണ്ടുപോകുന്നു. കാണാതാകുന്ന കുട്ടികളിൽ പലരും ഭിക്ഷാടന മാഫിയകളുടെ കൈകളിലെത്തുന്നു എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
കൂടുതൽ സ്ത്രീകളും
കുട്ടികളും
സംസ്ഥാനത്ത് കാണാതാവുന്നവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതും 15 നും 35 നും ഇടയിൽ പ്രായമുള്ളവർ. പത്തനംതിട്ടയിലെ നരബലി കേസിന് ശേഷം കാണാതായവരെക്കുറിച്ച് സംസ്ഥാനത്ത് പ്രത്യേക അന്വേഷണം തുടങ്ങിയിരുന്നു. ആറ് വയസുകാരിയായ അബിഗേൽ സാറയെ കാണാനില്ല എന്നറിഞ്ഞതോടെ ഒറ്റ മനസ്സോടെ ഒന്നിച്ച് കേരളം പ്രവർത്തിച്ചത് ആരും മറക്കാനാവില്ല. അന്ന് എല്ലാ മാതാപിതാക്കൾക്കും അവൾ മകളായി, സഹോദരിയായി, കുഞ്ഞനുജത്തിയായി. സ്വന്തം കുഞ്ഞിനെ തേടുന്ന ജാഗ്രതയോടെ ജനങ്ങളും അവൾക്കായി തെരച്ചിൽ നടത്തി. ഒടുവിൽ അവളെ കണ്ടെത്തിയപ്പോൾ ജനം കൈയ്യടിച്ചു.
കുട്ടികളുമായി ബന്ധപ്പെട്ട തിരോധാനക്കേസിൽ കേരളം ഏറെ ചർച്ച ചെയ്ത മറ്റൊന്ന് ആലപ്പുഴ സ്വദേശിയായ രാഹുലിന്റെതാണ്. 2005 മെയ് 18ന് വീടിനടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയ ഏഴ് വയസുകാരൻ രാഹുൽ ഇതുവരെയും തിരിച്ച് വന്നിട്ടില്ല. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന്, സി.ബി.ഐ കേസ് ഏറ്റെടുത്തെങ്കിലും ഒരു തുമ്പ് പോലും ലഭിച്ചില്ല. 2013ൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ചോദ്യം ചെയ്ത് ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന്, രാഹുലിനെ തേടി സി.ബി.ഐ വീണ്ടുമിറങ്ങി. രാഹുൽ തിരോധാനവുമായി ബന്ധപ്പെട്ട് ഇനി ഒരു അന്വേഷണവും ബാക്കിയില്ലെന്ന് 2015ൽ സി.ബി.ഐ കോടതിയെ ബോധിപ്പിക്കുകയും അന്വേഷണത്തിന് തിരശ്ശീല വീഴുകയും ചെയ്തു.
പത്തനംതിട്ട സ്വദേശി ജസ്ന മരിയ ജയിംസിന്റെ തിരോധാനം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 2018 മാർച്ച് 20 മുതലാണ് ജസ്നയെ കാണാതായത്. അന്വേഷണം ഊർജിതമായി നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത്തരത്തിലുള്ള കേസുകളും സംസ്ഥാനത്തുണ്ട്, ചില കേസുകളിൽ പൊലീസ് അന്വേഷണം നിലച്ച മട്ടാണ്.
കാണാതാവുന്ന
കുട്ടികളുടെ എണ്ണം കൂടി
കുട്ടികളെ കാണാതാവുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിൽ കുടുംബ സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളെ അവഗണിക്കുകയോ അകാരണമായി ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും ഓടിയൊളിക്കാൻ കുട്ടികൾ നിർബന്ധിതരാവാറുണ്ട്. ഓരോ എട്ട് മിനിറ്റിലും ഇന്ത്യയിൽ ഒരു കുട്ടിയെ വീതം കാണാതാവുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. ഇതിൽ കുട്ടികളെ ഉപേക്ഷിക്കുക, പ്രകൃതി ദുരന്തങ്ങൾ മൂലം കുട്ടികളെ കാണാതാവുക എന്നിവയും ഉൾപ്പെടും.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും 40,000 കുട്ടികളെയാണ് ഇന്ത്യയിൽ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ഇതിൽ 11,000ത്തോളം കുട്ടികളെ തിരികെ ലഭിച്ചിട്ടില്ല. എൻ.ജി.ഒകളുടെ കണക്ക് പ്രകാരം 12,000 മുതൽ 50,000 വരെ സ്ത്രീകളും കുട്ടികളും അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 173 പ്രായപൂർത്തിയാവാത്ത പൊൺകുട്ടികളെയാണ് കാണാതായത്. സംസ്ഥാനത്തെ നാസിക് ഡിവിഷനിലെ മാത്രം കണക്കാണിത്. പരാതിയുടെ അടിസ്ഥാനത്തിൽ 149 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. നാസിക് നഗരത്തിൽ നിന്ന് മിക്ക ദിവസങ്ങളിലുംഒരു പെൺകുട്ടിയെങ്കിലും കാണാതാവുന്നു എന്നാണ് പൊലീസ് പറയുന്നത്. വീടുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികളാണ് കൂടുതലും ലഭിക്കുന്നത്.
കരുതൽ വേണം
കുട്ടികളുടെ കാര്യമെടുത്താൽ, അവർക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് പകരേണ്ടത് മാതാപിതാക്കളാണ്. അറിയാത്ത ഒരു വ്യക്തിയുമായി എത്രത്തോളം ഇടപെടൽ നടത്താമെന്ന് കുട്ടികളോട് പറഞ്ഞ് മനസ്സിലാക്കം. കൂടാതെ അവരിൽ നിന്ന് മിഠായിയോ മറ്റ് വസ്തുക്കളോ സ്വീകരിക്കരുതെന്നും അവർ ചിലപ്പോൾ നമ്മളെ ഉപദ്രവിക്കാനിടയുണ്ടെന്നുമുള്ള ധാരണ ഉണ്ടാക്കിയെടുക്കണം. പരിചയമില്ലാത്ത ഒരാൾ കൂടെ വരാൻ നിർബന്ധിച്ചാൽ ഇല്ല എന്ന് പറയാൻ അവരെ പ്രാപ്തരാക്കണം.
ഇന്ന് സമൂഹമാദ്ധ്യമങ്ങളും കാണാതാവുന്നവരെ കണ്ടെത്താൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്നാൽ, ചിലരെ കണ്ടുകിട്ടിയിട്ടും കാണാതായി എന്ന തരത്തിൽ ആ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി വീണ്ടും പ്രചരിക്കാറുണ്ട്. കുട്ടികളെ കാണാതായാൽ സാമൂഹികമായ ഇടപെടൽ നടത്തി വിദൂരങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പെലാസി സംവിധാനം കാര്യക്ഷമമായി ശ്രമിക്കണം. ഒപ്പം സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചരണങ്ങളിൽ അബിഗേൽ സാറ കേസിലെപ്പോലെ ജനങ്ങൾക്ക് വീണ്ടും മാതൃക തീർക്കാം.