gggggg

മലപ്പുറം: വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ച് നാടിനെ ശുദ്ധിയാക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് നവംബറിൽ യൂസർ ഫീ ഇനത്തിൽ ലഭിക്കേണ്ട 6.09 കോടിയിൽ ലഭിച്ചത് 2.72 കോടി രൂപ മാത്രം.

ജില്ലയിൽ 2,576 ഹരിത കർമ്മ സേനാംഗങ്ങളുണ്ട്. വസ്തു നികുതിക്കൊപ്പം കുടിശ്ശികയായ യൂസർ ഫീ തുക കൂടി ചേർക്കാൻ നിയമമുണ്ടെങ്കിലും ജില്ലയിൽ അപൂർവ്വമായേ ഇങ്ങനെ ഈടാക്കാറുള്ളൂ. പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾക്ക് തുക നൽകിയാണ് പദ്ധതി പലയിടങ്ങളിലും മുന്നോട്ടുകൊണ്ടുപോവുന്നത്. യൂസർ ഫീ നൽകുന്നതിൽ മുന്നിൽ പുറത്തൂർ ഗ്രാമപഞ്ചായത്താണ്. യൂസർ ഫീയായി 3,52,530 രൂപ ലഭിച്ചു. 4,19,900 രൂപയാണ് ലഭിക്കേണ്ടത്. യൂസർ ഫീ നൽകുന്നതിൽ ഏറ്റവും പിന്നിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്താണ്‌. ആകെ ലഭിക്കേണ്ട 5,16,900 രൂപയിൽ 12,500 രൂപ മാത്രമാണ് ലഭിച്ചത്. നവംബറിൽ ഒന്നാമതെത്തിയ അരീക്കോടും രണ്ടാമതെത്തിയ എടപ്പാളും നിലവിൽ 26, 14 സ്ഥാനങ്ങളിലാണ്. ഇവിടെ നിന്നും ശേഖരിച്ച യൂസർ ഫീ യഥാക്രമം 2,46,550, 3,22,800 എന്നിങ്ങനെയാണ്.

ഒക്ടോബറിൽ 6.36 കോടി രൂപ യൂസർ ഫീയായി ലഭിക്കേണ്ടപ്പോൾ കിട്ടിയത് 2.67 കോടി മാത്രമായിരുന്നു. സെപ്തംബറിൽ 6.56 കോടി രൂപയിൽ 2.36 കോടിയായിരുന്നു യൂസർ ഫീ ഇനത്തിൽ ലഭിച്ചത്.

തുക ഇങ്ങനെ

വീടുകളിൽ നിന്ന് 50 രൂപയാണ് സാധാരണയായി നൽകേണ്ടത്. പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് ചില പഞ്ചായത്തിന് കീഴിലുള്ള വീടുകളിൽ നിന്ന് 30 രൂപയാണ് ഈടാക്കാറുള്ളത്. കടകളിൽ നിന്ന് 150 രൂപ മുതൽ 250 വരെയാണ് നൽകേണ്ടത്. തുക എത്രയെന്ന് അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.

ആദ്യ അഞ്ച് സ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തും നഗരസഭയും ഗ്രാമപഞ്ചായത്ത്.........ലഭിക്കേണ്ട തുക................ ലഭിച്ചത്

പുറത്തൂർ...................... 4,19,900............................... 3,52,530

ആലിപ്പറമ്പ്.................... 5,14,850................................ 5,14,850

കീഴാറ്റൂർ....................... 4,67,950 ................................. 3,76,250

വെട്ടത്തൂർ.................... 3,61,600 ................................. 2,81,850

വളവന്നൂർ ................... 4,01,350 .................................. 3,12,650

നഗരസഭ.................. ലഭിക്കേണ്ട തുക.................. ലഭിച്ചത്

പെരിന്തൽമണ്ണ .............11,39,750 ............................9,50,600

വളാഞ്ചേരി..................... 5,81,850 ............................. 4,54,150

പരപ്പനങ്ങാടി................. 9,90,400 ............................. 6,76,906

തിരൂർ........................... 10,04,850............................. 6,28,680

തിരൂരങ്ങാടി.................. 8,42,550 .............................. 5,16,300