
വള്ളിക്കുന്ന്: സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും പരന്നു കിടക്കുന്ന നഹ, മരക്കാർ, കേയി, അച്ചമ്പാട്ട്, മേലേവീട്ടിൽ തറവാട് കുടുംബാംഗങ്ങൾ ഉൾക്കൊള്ളുന്ന നഹ അനുബന്ധ കുടുംബസമിതിയുടെ അഞ്ചാം സംഗമം ഇന്ന് വള്ളിക്കുന്ന് എൻ.സി. ഗാർഡൻസിൽ നടക്കും. മൂവായിരത്തഞ്ഞൂറിലേറെ പേർ പങ്കെടുക്കും. രാവിലെ ഒൻപതിന് മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും.
നഹ അനുബന്ധ കുടുംബാംഗമായ ശങ്കരോടത്ത് അമ്പോറ്റി തമ്പുരാൻ (എച്ച്.എച്ച്, മാനവേന്ദ്ര വർമ യോഗാതിരിപ്പാട്, പാലക്കാട്) വിശിഷ്ടാതിഥിയാകും. മുഖ്യാതിഥികളെ ആദരിക്കൽ പ്രൊഫ. ഇ.പി.മുഹമ്മദലിയും കുടുംബത്തിലെ മുതിർന്നവരെ ആദരിക്കൽ മഞ്ഞളാംകുഴി അലി എം.എൽ.എ.യും ഉന്നതവിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളെ ആദരിക്കൽ ടി.കെ. ഹംസയും നിർവഹിക്കും. സി.പി. ഉമ്മർകുഞ്ഞി അദ്ധ്യക്ഷനാകും. പ്രൊഫ.എ.കുട്ട്യാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. റിപ്പോർട്ട് അവതരണം, ആരോഗ്യക്ലാസ്, പുതിയ കമ്മിറ്റി പ്രഖ്യാപനം, കലാപരിപാടികൾ എന്നിവയും നടക്കും.