k

കാഴ്ചകളുടെ മായിക ലോകമാണ് ദൈവങ്ങളുടെ സ്വന്തം നാട് വിനോദസഞ്ചാരികൾക്കായി ഒരുക്കാറുള്ളത്. ഗ്രാമീണതയിലേക്ക് ചുവടുമാറ്റുന്നതാണ് ടൂറിസം മേഖലയിലെ പുത്തൽ ട്രെൻഡെങ്കിലും പശ്ചിമഘട്ട മലനിരകളും കാടും കോടയും ആസ്വദിക്കാനെത്തുന്നവരുടെ എണ്ണവും അനുദിനം വർദ്ധിക്കുന്നുണ്ട്. ഏതെല്ലാം ഫലംകാണുന്നുണ്ട് എന്നത് പരിശോധിക്കപ്പെടണം. ഉത്തരവാദിത്ത ടൂറിസം,​ കാരവൻ ടൂറിസം,​ മലബാർ ലിറ്റററി ടൂറിസം,​ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്റർ തുടങ്ങി പദ്ധതികൾ പലതും നടപ്പാക്കുന്ന സർക്കാർ നെല്ലിയാമ്പതിയെ തഴയുന്നുവെന്നത് ദുഃഖകരമാണ്.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ 50 കോടിയുടെ നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതി വർഷം മൂന്നു കഴിഞ്ഞിട്ടും ഫയലിൽ ഉറങ്ങുകയാണ്. വനമേഖലയായതിനാൽ നിയമ തടസമുണ്ടെന്നു നിരന്തരം പരാതിപ്പെടുന്ന ടൂറിസം വകുപ്പ് സർക്കാർ തലത്തിൽ ഇടപെട്ടു പരിഹാരം കണ്ടെത്താനും നടപടി സ്വീകരിക്കാത്തതാണ് കാരണം. 2020 ആഗസ്റ്റിലാണ് 50 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചത്. പിന്നീട് ഒന്നാംഘട്ടമായി ഭരണാനുമതി ലഭിച്ച 5.13 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനവും ചെയ്തു. എന്നാൽ, ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം കാരണം നിശ്ചയിച്ച സ്ഥലത്തു പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയാത്തതും തിരിച്ചടിയായി. നിക്ഷിപ്ത വനഭൂമി വഴി നിർമ്മാണ സാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ വനം വകുപ്പിന്റെ അനുമതി തേടിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. റിസർവ് വനമേഖലയായതിനാൽ അപേക്ഷ പരിഗണിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നാണു വനംവകുപ്പിന്റെ നിലപാട്. ഇതോടെയാണ് പദ്ധതി പാതിവഴിയിൽ വീണുപോയത്.

അടിസ്ഥാന സൗകര്യം ഒരുക്കാനായിട്ടില്ല

സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനോടു ചേർന്നു ടൂറിസം പദ്ധതിക്കായി അനുവദിച്ച 25 ഏക്കർ ഭൂമി മുന്നിൽ കണ്ടാണു കെ.ബാബു എം.എൽ.എ ഇടപെട്ട് വികസന പദ്ധതികൾ ആസൂത്രണം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ വന്നതോടെ കളക്ടർ ഇടപെട്ടു നെല്ലിയാമ്പതിയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും എല്ലാം ഫയലിൽ ഒതുങ്ങി. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൈകാട്ടിയിൽ ഐ.ടി.എല്ലിനോടു ചേർന്നു കിടക്കുന്ന ടൂറിസം വകുപ്പിന്റെ സ്ഥലത്ത് ഇൻഫർമേഷൻ സെന്ററും ശുചിമുറികളും ഡോർമിറ്ററിയും നിർമ്മിക്കാനായിരുന്നു പദ്ധതി. വികസന പദ്ധതികൾ തയാറാക്കിയ നിർമ്മാണ ഏജൻസിയായ ഹൈറ്റ്സ് 50 കോടി ഉപയോഗിച്ചു ഇൻഫർമേഷൻ സെന്റർ, റസ്റ്ററന്റ്, കുട്ടികളുടെ പാർക്ക്, ഡോർമിറ്ററി തുടങ്ങിയ സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരുന്നത്.

വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ പല ശുചിമുറികളും അടഞ്ഞുകിടക്കുകയാണ്. നൂറടിയിൽ 15 വർഷം മുമ്പ് സ്ഥാപിച്ച ശുചിമുറി ഇതുവരെ ഉദ്ഘാടനം പോലും ചെയ്തിട്ടില്ല. ജില്ലാ ടൂറിസം വകുപ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സ്ഥാപിച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിട പരിസരം കാടുകയറി കിടക്കുന്നു. ജലവിതരണ സൗകര്യമില്ലാത്തതാണ് കാരണമെന്നു പറയുന്ന അധികൃതർ പരിഹാര നടപടികളൊന്നുമെടുത്തിട്ടില്ല. ഡിസംബറിൽ ക്രിസ്മസ് അവധിക്കും ന്യൂ ഇയർ ആഘോഷങ്ങൾക്കുമായി വരുംദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്കു വർദ്ധിക്കാൻ ഇടയുള്ള സാഹചര്യത്തിൽ എത്രയും വേഗം വികസന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.


കാണാമറയത്ത് ഇക്കോ ടൂറിസം

നെല്ലിയാമ്പതിയിൽ ഇക്കോടൂറിസം പദ്ധതി നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി. നെല്ലിയാമ്പതിയിലെ പത്ത് പ്രധാന ടൂറിസം പോയിന്റുകളെ ബന്ധിപ്പിച്ച് ഇക്കോടൂറിസം നടപ്പാക്കാനായിരുന്നു സർക്കാറിന്റെ പദ്ധതി. 1985ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി അഭിപ്രായ രൂപവത്കരണവും മറ്റും നടന്നിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ടും സമർപ്പിച്ചു.

എന്നാൽ, ഇതുസംബന്ധിച്ച നടപടി ചുവപ്പുനാടയിൽ കുരുങ്ങി. പിന്നീട് 2008ൽ വനം വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്തയോഗവും ഇതിനായി വിളിച്ചു ചേർത്തിരുന്നു. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനെയും ഇതിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കൃഷി വകുപ്പിൽനിന്ന് ഇതിനുള്ള അനുമതിയും ലഭിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്ന് നെല്ലിയാമ്പതി സന്ദർശിക്കാനത്തെുന്നവർക്ക് വിനോദ സഞ്ചാര കേന്ദ്രത്തിലെ വിവിധ പോയിന്റുകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ കുറിച്ച് മനസ്സിലാക്കാനും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ അവിടെ ചുറ്റിയടിക്കാനും സർക്കാർ പദ്ധതി ഗുണകരമാവുമെന്ന് അധികൃതർ പറഞ്ഞിരുന്നു.

മാൻപാറ,കേശവൻപാറ,കാരാശൂരി തുടങ്ങിയ വനമേഖലയിലെ പ്രകൃതി ഭംഗിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുൽകുടിലുകൾ കെട്ടി സന്ദർശകർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനും ഇക്കോടൂറിസം പ്രോജക്ടിൽ തീരുമാനിച്ചിരുന്നു. വന്യമൃഗങ്ങൾക്ക് ഭീഷണിയാകാതെ വേണം നെല്ലിയാമ്പതിയിൽ ടൂറിസം വികസനം എന്നും പ്രോജക്ടിൽ നിഷ്‌കർഷിക്കുന്നുണ്ട്.
ഇക്കോടൂറിസം സംബന്ധിച്ച നിർദ്ദേശങ്ങൾ തുടങ്ങിയേടത്തു തന്നെയാണ് ഇന്നും. പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ മാറിവന്ന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നെല്ലിയാമ്പതിയിലത്തെുന്ന നൂറുകണക്കിന് സന്ദർശകർ പലപ്പോഴും മുഴുവൻ ടൂറിസ്റ്റ് പോയിന്റുകളും കാണാതെ തിരിച്ചുപോകുകയാണ് പതിവ്.

കാഴ്ചയാസ്വദിക്കാൻ വാച്ച് ടവർ

വനമേഖലയിലെ നിരീക്ഷണം കാര്യക്ഷമമാക്കാൻ കേശവൻപാറയോട് ചേർന്നുള്ള ചക്ലിയൻപാറയിലെ വാച്ച് ടവർ നവീകരിക്കാനുള്ള തീരുമാനം വിനോദ സഞ്ചാരികൾക്ക് ആശ്വാസമാണ്. നെല്ലിയാമ്പതി ഇക്കോ ടൂറിസം പദ്ധതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടവർ നവീകരിക്കുന്നത്. കേശവൻപാറയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ കഴിയും വിധമാണ് നവീകരണം.

വന്യമൃഗ വേട്ടയും അനധികൃത മരംമുറിയും മാവോയിസ്റ്റ് സാന്നിദ്ധ്യവും നിരീക്ഷിക്കാൻ ഏഴുവർഷം മുമ്പ് സ്ഥാപിച്ച ഇരുമ്പ് ടവർ തുരുമ്പെടുത്ത് നശിച്ചിരുന്നു. വനപാലകർക്ക് താമസിക്കാൻ പറ്റിയ വിധത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലാണ് 200 ചതുരശ്ര അടി വിസ്തീർണമുള്ള ടവർ സ്ഥാപിച്ചിരുന്നത്. വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് കാട്ടാന ശല്യം ഒഴിവാക്കാൻ ടവറിന് മുകളിലെത്താൻ ഇരുമ്പ് കോണിയാണ് ഉപയോഗിച്ചുവന്നത്. കേശവൻപാറ കാണാനെത്തുന്ന സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്ന വനംവകുപ്പ് അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്നും ടവറിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. മതിയായ ഫണ്ടില്ലെന്ന് പറഞ്ഞ് നോക്കുകുത്തിയായി കിടന്ന ടവർ പ്രവർത്തനക്ഷമമാകുന്നതോടെ വ്യൂ പോയിന്റ് കൂടുതൽ ആകർഷണീയമാകും.