
ചെർപ്പുളശേരി: നെല്ലായ, തൃക്കടീരി പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എൻജിനീയർ (എ.ഇ) ഇല്ലാതായിട്ട് മാസങ്ങളാകുന്നു. ഇതു കാരണം 2023-24 വർഷത്തെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്ഥലം മാറിപ്പോയ എ.ഇക്ക് പകരം പുതിയ നിയമനം ഇതുവരെയും നടന്നിട്ടില്ല.
നാലുമാസമായി നെല്ലായയിൽ അസിസ്റ്റന്റ് സെക്രട്ടറിയും ഇല്ലാത്ത അവസ്ഥയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പദ്ധതി നടത്തിപ്പിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചു. സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ പഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് നടപ്പാക്കാനാവാതെ മുടങ്ങിക്കിടക്കുന്നത്. റോഡും റോഡിതര പദ്ധതികളും ഇതിൽ ഉൾപ്പെടും. നവകേരള സദസിന് ശേഷം പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികാരികൾ.
അധിക ചുമതല
2023 മാർച്ചിൽ തുടങ്ങിയ പദ്ധതികൾ 2024 മാർച്ചിൽ പൂർത്തീകരിക്കണമെന്നിരിക്കെ വിവിധ പഞ്ചായത്തിലെ എ.ഇ.മാർക്ക് ചുമതല നൽകിയിരിക്കുകയാണ്. നെല്ലായ പഞ്ചായത്തിന്റെ അതിക ചുമതല ചളവറ പഞ്ചായത്ത് എ.ഇക്കും, തൃക്കടീരി പഞ്ചായത്തിന്റെ ചുമതല അമ്പലപ്പാറ പഞ്ചായത്ത് എ.ഇ.ക്കുമാണ്.
പദ്ധതി മുടങ്ങുന്നു
കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് ലഭിക്കാനും പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാനും എ.ഇയുടെ അനുമതി ആവശ്യമാണ്. സാങ്കേതികാനുമതി ലഭിച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനും എ.ഇയുടെ അനുമതി ആവശ്യമാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഉദ്യോഗസ്ഥരുടെ കുറവ് കാരണം പല പദ്ധതികളും പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്.