
വടക്കഞ്ചേരി: മഴക്കാല മാസങ്ങളിൽ മഴയില്ലാതെയും തണുപ്പുമാസങ്ങളിൽ മഴ പെയ്തും വിളകളുടെ വളർച്ചക്കും ഉൽപാദന ക്ഷമതയ്ക്കും ആഘാതമേൽപ്പിക്കുകയാണ് ഈ വർഷത്തെ മഴ കലണ്ടർ.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൊത്തം റബർ ഉൽപാദനത്തിന്റെ 30 ശതമാനവും ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ കണക്കുകളെല്ലാം തെറ്റിച്ച് കുറഞ്ഞ ഉൽപാദനമാണ് ഈ ദിവസങ്ങളിൽ ഉണ്ടാകുന്നത്. കാലം തെറ്റിയ മഴമൂലം റെയിൻ ഗാർഡ് പിടിപ്പിച്ച തോട്ടങ്ങളിൽ പോലും ശരിയായ വിധം ടാപ്പിംഗ് നടത്താനായിട്ടില്ല. ചോർന്നും പ്ലാസ്റ്റിക് പൊട്ടിയും വെള്ളം ഇറങ്ങുന്നത് മൂലം റെയിൻ ഗാർഡ് പിടിപ്പിച്ചതോട്ടങ്ങളിലും ടാപ്പിംഗിന് തടസം ഉണ്ടാകുന്നുണ്ട്.
ഓരോ ദിവസവും ഓരോ തരത്തിലാണ് കാലാവസ്ഥ. ക്രമമായ കാലാവസ്ഥ ഇല്ലാത്തതിനാൽ കൃഷി ആസൂത്രണങ്ങളും പരാജയപ്പെടുകയാണ്. ഇടയ്ക്ക് വൃശ്ചിക കാറ്റുണ്ടാകും. തൊട്ടടുത്ത ദിവസം മഴ പെയ്യും. അത്തരത്തിൽ പ്രവചിക്കാനാകാത്ത വിധമാണ് പ്രകൃതിയുടെ പ്രകൃതം.
ഭൂമി തണുക്കാതെ സെപ്തംബറിൽ ഉയർന്ന താപനിലയായിരുന്നു. റെയിൻ ഗാർഡ് പിടിപ്പിക്കാത്ത തോട്ടങ്ങളിൽ സാധാരണ ഒക്ടോബർ മുതൽ ടാപ്പിംഗ് ആരംഭിക്കാറുണ്ട്. എന്നാൽ ഇക്കുറി മഴ അതിനും സമ്മതിച്ചിട്ടില്ല. റബർ വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടരുന്നതിനാൽ ചെലവേറിയ റെയിൻ ഗാർഡ് പിടിപ്പിക്കൽ പ്രവൃത്തി പല തോട്ടങ്ങളിലും നടത്തിയിട്ടില്ല. ഈ തോട്ടങ്ങളിലെ ടാപ്പിംഗാണ് മഴ മൂലം മുടങ്ങി കിടക്കുന്നത്.
ഇത് റബറിന്റെ മൊത്തം ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കും. ടാപ്പിംഗ് കൂലി, തോട്ടം പരിചരണം ഉൾപ്പെടെ ചെലവുകളുമായി താരതമ്യം ചെയ്യുമ്‌ബോൾ റബറിൽ നിന്നുള്ള വരുമാനം നാമമാത്രമായി ചുരുങ്ങി എന്നതാണ് യഥാർഥ വസ്തുത.
കർഷക അവഗണനക്കൊപ്പം കാലാവസ്ഥയും തങ്ങളെ സഹായിക്കാതെ വന്നാൽ പിന്നെ കൃഷിയെല്ലാം അവതാളത്തിലാകുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇൻസെന്റീവ് ഇനത്തിൽ റബർ കർഷകർക്ക് നൽകാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാന ധനമന്ത്രി ഇടയ്ക്കിടെ പറയുന്നതല്ലാതെ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്നില്ല.
അഞ്ചുമാസത്തെ കുടിശികയാണ് ഇപ്പോഴുള്ളത്. മാവ്, കശുമാവ്, പ്ലാവ്, കപ്പ, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, അടക്ക തുടങ്ങിയ വിളകൾക്കും കാലം തെറ്റിയ മഴ ദോഷകരമാവുകയാണ്. മാമ്പൂ നിറയേണ്ട സമയത്ത് മഴമൂലം മാവുകൾ തളിർത്തു നിൽക്കുകയാണ്. ഇതു സീസൺ തെറ്റിയുള്ള മാങ്ങ ഉൽപാദനത്തിനും ഉൽപാദനക്കുറവിനും കാരണമാകുന്നുണ്ട്.
മഞ്ഞുവീഴ്ചയും മരംകോച്ചുന്ന തണുപ്പും ഉണ്ടാകേണ്ട ഈ ദിവസങ്ങളിൽ മഴ തുടരുന്നത് റബർ ഉൽപാദനത്തെ ഏറെദോഷകരമായി ബാധിക്കുന്നു.
ഡെന്നി തെങ്ങുംപ്പള്ളി, ഡയറക്ടർ, ഇളവമ്പാടം റബർ ഉത്പാദകസംഘം.
മൂന്നര പതിറ്റാണ്ടുകാലമായി റബർ ടാപ്പിംഗ് നടത്തുന്നു. വലിയ പ്രതിസന്ധിയാണ് മേഖലയിൽ. മഴക്കാലത്ത് നല്ല മഴ ലഭിക്കാത്തതിന്റെ ദോഷം വരും മാസങ്ങളിലുണ്ടാകും. കണ്ണൻ, ടാപ്പിംഗ് തൊഴിലാളി, കൊന്നക്കൽകടവ്.