ചിറ്റൂർ: നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഓലചുരുട്ടി, മഞ്ഞളിപ്പ്, കൂമ്പുചീയൽ തുടങ്ങിയ രോഗബാധ കാണുന്നതായി കർഷകർ. നല്ലേപ്പിള്ളി ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലാണ് രോഗബാധ. ഇതുമൂലം നടീൽ കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ഒന്നാം വളപ്രയോഗം കഴിഞ്ഞെങ്കിലും നെൽച്ചെടികൾ വേണ്ടത്ര വളരുന്നില്ല.
മഴയുടെ ദൗർലഭ്യവും കനാൽ വെള്ളത്തിന്റെ കുറവും മുന്നിൽക്കണ്ട് ആദ്യം ഞാറുപാകി നടീൽ കഴിഞ്ഞ കർഷകർക്കാണ് ഈ ദുരവസ്ഥ. കനാൽ വെള്ളം ലഭിക്കാത്തതിനാൽ യഥാസമയം നടീൽ ജോലി തീർക്കാൻ കഴിയാത്ത കർഷകരും നിരവധിയാണ്.
കീടനാശിനി പ്രയോഗത്തിന് വലിയ ചിലവാണ്. മരുന്ന് തളിക്കാൻ ഒരു ടാങ്കിന് 6070 രൂപ വേണം. വെള്ളം ഒഴിച്ചുകൊടുക്കാൻ കൂലി വേറെ. ഉമ നെൽവിത്തിനങ്ങളിലാണ് രോഗം കൂടുതലായി കാണുന്നത്. ചിനപ്പ് ഉണ്ടാകുന്നില്ല. മരുന്ന് തളിക്കുന്നതിന് പവർ സ്‌പ്രെയർ അനുവദിക്കാത്ത സ്ഥിതിയാണ് നിലവിൽ. യഥാസമയം വെള്ളം ലഭിക്കാത്തതാണ് ഓരോ പാടശേഖരത്തിലും ഒരേസമയം കൃഷിയിറക്കാൻ കഴിയാത്തത്. ആദ്യം കൃഷി ചെയ്ത പാടങ്ങളിൽ മുഞ്ഞരോഗം കാണുന്നതായി കർഷകർ പറഞ്ഞു. ഇതിനുപുറമേ എലിശല്യവും ചാഴിശല്യവും രൂക്ഷമാണ്.