
തൃത്താല: കഴിഞ്ഞ രണ്ടര വർഷത്തിനിടെ 811.53 കോടിയുടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് തൃത്താലയിൽ തുടക്കം കുറിച്ചതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ചാലിശേരിയിൽ നടന്ന തൃത്താല മണ്ഡലം നവകേരള സദസിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 കോടി ചെലവിൽ റീബിൽഡ് കേരള ഇനീഷ്യറ്റീവിൽ ഉൾപ്പെടുത്തിയിട്ടുള്ള കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണം ആരംഭിച്ചു. തൃത്താലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ 105 കോടിയുടെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് അതിവേഗത്തിൽ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. 109 റോഡുകളുടെ നിർമ്മാണമാണ് മണ്ഡലത്തിൽ പുരോഗമിക്കുന്നത്. തൃത്താലയിലെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ രണ്ടര വർഷമായി 49ലധികം കോടി രൂപയാണ് എത്തിയതെന്നും മന്ത്രി പറഞ്ഞു.
തൃത്താല ഗവ.കോളേജിൽ 8.26 കോടിക്ക് പുതിയ ബ്ലോക്ക് നിർമ്മിച്ചു. 562 ഹെക്ടറിലാണ് തൃത്താലയിൽ പുതുതായി കൃഷി ആരംഭിച്ചത്. അടുത്ത അദ്ധ്യയന വർഷം തൃത്താലയിൽ നഴ്സിംഗ് കോളേജ് പ്രവർത്തനം ആരംഭിക്കുകയാണ്. തൃത്താലയിൽ വികസന വിസ്മയം തീർക്കുന്നതിൽ കിഫ്ബി വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കാൻ സാധിക്കുന്ന 307 കോടിയുടെ കുടിവെള്ള പദ്ധതിയാണ് മണ്ഡലത്തിൽ നടപ്പാക്കുന്നത്. നവകേരളത്തിനൊപ്പം രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ നവതൃത്താലയും ഉയർന്നുവരുന്നതായും മന്ത്രി പറഞ്ഞു.