p

തൃത്താല: ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ കേരളത്തിലാണ്. വിദ്യാർത്ഥികളുടെ കണ്ടെത്തലുകൾ ശരിയായ രീതിയിൽ വ്യാവസായികമായി മാറ്റുന്നതിന് വേണ്ട സൗകര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രായോഗിക മാറ്റങ്ങൾ വരുത്താൻ സർക്കാറിന് കഴിഞ്ഞു. ഇന്ത്യയിൽ ആദ്യത്തെ ഗ്രീൻ ഇന്നവേറ്റീവ് സെന്റർ പാലക്കാടാണ് ആരംഭിക്കുന്നത്. ആദ്യ സ്വകാര്യ വ്യവസായ പാർക്കും പാലക്കാടാണ്.

പ്രസവ സമയത്ത് രക്തസ്രാവം മൂലം ഉണ്ടാവുന്ന മരണം ഒഴിവാക്കുന്നതിനുള്ള ഉപകരണം, കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന യൂണിറ്റുകൾ ഇവിടെ വരും. വിജ്ഞാന, വ്യവസായ മേഖലയിൽ പ്രാധാന്യം നൽകുന്ന സമൂഹത്തിലേക്ക്, വികസിത രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ മാറ്റുന്നതിനാണ് സർക്കാർ ശ്രമം. കേരളത്തിലെ അഭ്യസ്ത വിദ്യരായ വീട്ടമ്മമാർക്ക് സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ജീവിതം നിലവാരം വർദ്ധിപ്പിക്കുന്നതിനുമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് അതിവേഗ കണക്ടിവിറ്റിയായി കെ-ഫോൺ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.