dam
പകുതിയിൽ താഴെ മാത്രം വെള്ളമുള്ള പോത്തുണ്ടി അണക്കെട്ട്.

നെല്ലിയാമ്പതി: തുലാമഴയോടെ പോത്തുണ്ടി ഡാമിൽ ആവശ്യത്തിന് വെള്ളം നിറയുമെന്ന കർഷകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. 55 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 24.80 അടി വെള്ളം മാത്രമാണുള്ളത്. ഇത് 20 ദിവസത്തെ ജലസേചനത്തിന് മാത്രമേ തികയൂ. കഴിഞ്ഞ വർഷം ഈ സമയത്ത് 43 അടി വെള്ളമുണ്ടായിരുന്നു.

കനാൽ വൃത്തിയാക്കിയ ശേഷം ഇടവേള കൂട്ടി ജലസേചനം നടത്തുകയാണെങ്കിൽ 25-30 ദിവസത്തിന് വെള്ളം എത്തിക്കാനാവുമെന്നാണ് കർഷകരുടെ പ്രതീക്ഷ. പോത്തുണ്ടി ജലസേചന ഉപദേശക സമിതി യോഗം കഴിഞ്ഞെങ്കിലും ഡിസംബർ 20ന് ശേഷമേ വെള്ളം തുറന്നു വിടാനുള്ള തീരുമാനമുണ്ടാകൂ. 2833 ഹെക്ടർ ആയക്കെട്ട് പ്രദേശം വലതുകര കനാലിന് കീഴിലും 2630 ഹെക്ടർ ഇടതുകര കനാലിന് കീഴിലും നെൽകൃഷിയുണ്ട്.

കാലവർഷ സമയത്ത് കാര്യമായി മഴ ലഭിക്കാത്തതിനാൽ ഒന്നാം വിളയ്ക്ക് 21 ദിവസം വെള്ളം നൽകിയിരുന്നു. മഴക്കുറവിനെ തുടർന്ന് മൂപ്പുകുറഞ്ഞ നെല്ലിനങ്ങളാണ് രണ്ടാംവിളയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. നെന്മാറ, അയിലൂർ മേഖലകളിൽ രണ്ടാം വിള നടീലും ചേറുവിതയും അവസാന ഘട്ടത്തിലാണ്. കുടിവെള്ളത്തിനും മത്സ്യസമ്പത്തിനുമായി ഏഴടി വെള്ളം നീക്കിവെക്കണമെന്ന് വാട്ടർ അതോറിറ്റിയും ഫിഷറീസ് വകുപ്പും ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടമഴ ലഭിച്ചില്ലെങ്കിൽ രണ്ടാംവിള നെൽകൃഷി വലിയ പ്രതിസന്ധി നേരിടും.