
പട്ടാമ്പി: പൊതുവിപണിയിൽ ഉഴുന്നിന് ദിവസംതോറും വിലകൂടുമ്പോൾ പപ്പട നിർമ്മാണ തോഴിലാളികൾക്ക് ചങ്കിടിപ്പാണ്. സംസ്ഥാനത്ത് മാസങ്ങളായി അവശ്യ സാധനങ്ങൾക്ക് വില കൂടുന്നതിനാൽ കുടിൽ വ്യവസായ മേഖല ആകെ പ്രതിസന്ധിയിലാണ്. ഇത് ഏറ്റവുമധികം ബാധിക്കുന്ന മേഖലയാണ് പപ്പട നിർമ്മാണം.
കഴിഞ്ഞ വർഷം കിലോയ്ക്ക് 110-120 രൂപയുണ്ടായിരുന്ന വെള്ള ഉഴുന്നിനിപ്പോൾ 190-200 രൂപയാണ്. കറുത്ത തൊലിയൂളള ഉഴുന്നിന് 130-150 രൂപയാണ് വിപണി വില. ഇവക്ക് പുറമേ തുടർ ചേരുവകളായ മറ്റു അസംസ്‌കൃത വസ്തുക്കൾക്കും തീവിലയാണ്. ചെറുപയർ കിലോയ്ക്ക് 150 രൂപയുണ്ട്. മനുഷ്യശേഷി മാത്രം ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിക്കുന്ന 20 രൂപയുടെ പാക്കറ്റിൽ 15-16 പപ്പടമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇത്രയും എണ്ണം നൽകിയാൽ വൻ നഷ്ടമാകുമെന്നതിനാൽ പലരും 11-12 എണ്ണമാക്കി ചുരുക്കാൻ നിർബന്ധിതരായി. ഇതോടെ വിൽപ്പനയിൽ 35 ശതമാനത്തോളം കുറവ് വന്നു.
പരുതൂർ, പള്ളിപ്പുറം, ചെമ്പുലങ്ങാട്, കുമ്പിടി, കൂടല്ലൂർ, കൂമരനെല്ലൂർ ചാലിശേരി എന്നിവിടങ്ങളിൽ പരമ്പരാഗത കുടിൽ വ്യവസായമായി നൂറുകണക്കിന് കുടുംബങ്ങളാണ് പപ്പട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഉഴുന്നടക്കമളള അസംസ്‌കൃത വസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.