
പാലക്കാട്: ചെയ്യാൻ പറ്റുന്നത് മാത്രം പറയുകയും പറയുന്നത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാറാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോട് അനുബന്ധിച്ച് രാമനാഥപുരം ക്ലബ് 6 ഹാളിൽ നടന്ന പ്രഭാതസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണ നിർവഹണത്തിന്റെ സ്വാദറിയേണ്ടത് ജനങ്ങളാണ്. അതിന് ഫയലുകളിൽ വേഗം തീരുമാനമെടുക്കണം.
തീരുമാനങ്ങളിലെ കാലതാമസം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഫയൽ അദാലത്ത് തുടങ്ങിയത്. ഇത് വലിയ ഫലം ചെയ്തു. കേരളം ഇന്ന് എത്തിനിൽക്കുന്നിടത്ത് നിന്ന് കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകണം. സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് വലിയ തടസങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ലത്തീൻ ബിഷപ്പ് ഡോ.അന്തോണി സ്വാമി പീറ്റർ, അഡ്വ.പി.ബി.മേനോൻ, ഉണ്ണീൻകുട്ടി മൗലവി, സ്വാമി അശേഷാനന്ദ്, എ.വി.ഗോപിനാഥ്, വ്യവസായി വരദരാജൻ, മുഹമ്മദ് മുസ്ലിയാർ, എം.എൽ.എമാരായ കെ.ശാന്തകുമാരി, എ.പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, മുൻ മന്ത്രി എ.കെ.ബാലൻ, കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര, സബ് കളക്ടർ ഡി.ധർമ്മലശ്രീ, എ.ഡി.എം കെ.മണികണ്ഠൻ, വി.ബിജോയ്, രാധിക മാധവൻ, ടി.കെ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങളുടെ പ്രശ്നം മനസിലാക്കി ഘട്ടംഘട്ടമായി പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമം അഭിനന്ദനീയമാണ്. ലഹരിമുക്ത ഭാരതം എന്ന രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാട് നടപ്പാക്കാൻ ശ്രമിക്കണം.
-ഉണ്ണീൻകുട്ടി മൗലവി, മുജാഹിദീൻ നേതാവ്.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ലത്തീൻ സമുദായത്തിന് സർക്കാർ പിന്തുണ ആവശ്യമാണ്.
-ഡോ.അന്തോണി സ്വാമി പീറ്റർ, പാലക്കാട് ലത്തീൻ രൂപത ബിഷപ്പ്.
നവകേരള സദസ് ഭാവിയിലെ ഭരണകൂടങ്ങൾക്കും മാതൃകയാണ്. പാലക്കാട് മെഡിക്കൽ കോളേജ് പൂർണമായി സജ്ജമാക്കാൻ നടപടിയെടുക്കണം. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണം. അട്ടപ്പാടിക്ക് മികച്ച റോഡൊരുക്കണം.
-കെ.പി.മുഹമ്മദ് മുസ്ലിയാർ, ജില്ലാ മഹല്ല് സംയുക്ത ഖാസി.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനുള്ള നടപടി സ്വീകരിക്കണം. ടൂറിസവും ഐ.ടി.യുമാണ് കേരളത്തിന് അനുയോജ്യമായ മേഖലകൾ.
-ഡോ.കമ്മാപ്പ.
ദേശീയ- അന്തർദേശീയ സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകണം. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒഴിവുള്ള കായികാദ്ധ്യാപക തസ്തിക നികത്തണം.
-ഒളിമ്പ്യൻ പ്രീജ ശ്രീധരൻ