ksrtc

പട്ടാമ്പി: തൃത്താല മണ്ഡലത്തിൽ കൂടി ഓടിയിരുന്ന 20ൽപരം കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിറുത്തലാക്കിയത് ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാക്കി.

ഏറ്റവും കൂടുതൽ ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നത് പൊന്നാനി ഡിപ്പോയിൽ നിന്നായിരുന്നു. കുറവ് ഗുരുവായൂർ, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും. പൊന്നാനി ഡിപ്പോയിൽ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ട് ഫാസ്റ്റ് പാസഞ്ചറുകളും (ഒരെണ്ണം ഒറ്റപ്പാലം വഴിയും അടുത്തത് ചെർപ്പുളശേരി വഴിയും) സർവീസ് നടത്തുമ്പോൾ മൂന്ന് ഓർഡിനറി ബസുകൾ പടിഞ്ഞാറങ്ങാടി, കൂറ്റനാട്, പട്ടാമ്പി, ഒറ്റപ്പാലം വഴി പാലക്കാട്ടെക്കും രണ്ടെണ്ണം (ഒന്ന് ഓർഡിനറിയും ഒന്ന് ഫാസ്റ്റ് പാസഞ്ചറും) തൃത്താല, കൂറ്റനാട്, ആറങ്ങോട്ടുകര വഴിയും പാലക്കാട് വരെ സർവീസ് നടത്തിയിരുന്നു.

ഇവയ്ക്ക് പുറമേ പൊന്നാനി- പള്ളിപ്പുറം (വഴി: തൃത്താല, മേഴത്തൂർ മോസ്‌കോ റോഡ് മാട്ടായ, പട്ടാമ്പി വഴി), മറ്റൊരു ബസ് പടിഞ്ഞാറങ്ങാടി, തണ്ണീർക്കോട്, കൂറ്റനാട് വഴി പട്ടാമ്പിയിലേക്കും വേറൊന്ന് പൊന്നാനിയിൽ നിന്ന് ആലൂർ, തൃത്താല, കൂറ്റനാട് വഴി ഷൊർണൂരിലേക്കും സർവീസ് നടത്തിയിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പി- തൃത്താല കടവ് വഴി (മലബാർ) പൊന്നാനിയിലേക്ക് സർവീസ് നടത്തിയിരുന്നു. തൃശൂരിൽ നിന്ന് ചങ്ങരംകുളം, കൊഴിക്കര, പടിഞ്ഞാറങ്ങാടി വഴി ആനക്കരയിലേക്കും കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂർ, കൂറ്റനാട്, തൃത്താല വഴി പള്ളിപ്പുറം വരെയും കുമ്പിടിയിൽ നിന്ന് പടിഞ്ഞാറങ്ങാടി കൂറ്റനാട് വഴി കൊടുങ്ങല്ലൂരിലേക്കും ബസ് ഓടിയിരുന്നു.

കോഴിക്കോട്- ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ (കൂറ്റനാട്, തൃത്താല, എടപ്പാൾ, തിരൂർ, പാറക്കടവ് വഴിയും ഓടിയിരുന്നു. ഇവയ്ക്ക് പുറമേ പാലക്കാട് ഡിപ്പോയിൽ നിന്ന് രണ്ട് ബസുകൾ പട്ടാമ്പി- കൂറ്റനാട്- പടിഞ്ഞാറങ്ങാടി- എടപ്പാൾ വഴി കുറ്റിപ്പുറത്തേക്കും സർവീസ് നടത്തിയിരുന്നു. ഇവയ്‌ക്കെല്ലാം പുറമേ വി.ടി.ബലറാം എം.എൽ.എ ആയിരിക്കെ പൊന്നാനിയിൽ നിന്ന് കുമ്പിടി- കൂടല്ലൂർ- തൃത്താല വഴി തൃശൂരിലേക്ക് എം.എൽ.എ ബസും ഓടിയിരുന്നു.

കോഴിക്കോട്, പാലക്കാട്, തൃശൂർ, കൊടുങ്ങല്ലൂർ റൂട്ടിലോടിയിരുന്ന ബസുകൾ നല്ല ലാഭത്തിലായിരുന്നെങ്കിൽ മറ്റുള്ളവ ആവറേജ് നിലവാരത്തിലായിരുന്നു ഡെയ്ലി കലക്ഷൻ. ഒരിക്കൽ പോലും നഷ്ടത്തിലാണെന്ന് പരാതി ഉണ്ടായില്ല. എന്നാൽ കൊവിഡ് വന്നതോടെ എല്ലാ ബസുകളും സർവീസ് നിറുത്തിയതോടെ മണ്ഡലത്തിലെ യാത്രാക്ലേശം ഇരട്ടിയായി.

ഇതോടൊപ്പം രണ്ട് ഡസനോളം വരുന്ന ദീർഘദൂര സ്വകാര്യ സർവീസുകളും നിറുത്തിയതോടെ യാത്രാപ്രശ്നം അതിരൂക്ഷമായി. പലപ്പോഴും അമിത ചാർജ് ഈടാക്കുന്ന ടാക്സി വാഹനങ്ങളാണ് ഇപ്പോൾ മിക്ക റൂട്ടിലും ആശ്രയം. യാത്രാ ദുരിതത്തിന് അറുതി വരുത്താൻ മുമ്പുണ്ടായിരുന്ന മുഴുവൻ കെ.എസ്.ആർ.ടി.സി ബസ് സർവീസുകളും പുനഃരാരംഭിക്കുകയോ അല്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.