r

ഷൊർണൂർ: ഭാരതപ്പുഴയുടെ ഇരുകരകളിലും നടക്കുന്ന വ്യാപക കൈയേറ്റം കണ്ടെത്താനും ഒഴിപ്പിക്കാനും അധികൃതർ തയ്യാറാവുന്നില്ല. പുഴയോരം നികത്തിയും വളച്ചുകെട്ടിയും റിസോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ,​ വീടുകൾ, തെങ്ങിൻ തോട്ടങ്ങൾ എന്നിവയ്ക്കായി വ്യാപകമായി കൈയേറുന്നുണ്ട്.

പുഴയുടെ ഇരുകരകളും പാലക്കാട്,​ തൃശൂർ എന്നിങ്ങനെ രണ്ട് ജില്ലകളിലെ വിവിധ പഞ്ചായത്ത്, നഗരസഭ ഭരണപ്രദേശങ്ങളാണ്. രാഷ്ട്രീയ സ്വാധീനങ്ങളും ഇടപെടലുകളും കാരണം പരാതികളിൽ ഒരു നടപടിയും ഉണ്ടാകുന്നില്ല.

പുഴയോരം വളച്ചുകെട്ടി അനധികൃത നിർമ്മാണം നടത്തുമ്പോൾ നഷ്ടമാവുന്നത് വലിയൊരു ആവാസ വ്യവസ്ഥയാണ്. പരമ്പരാഗതമായി പുഴയിലേക്കുള്ള വഴികളും കടവുകളും അടയുന്നു. കേരളീയ ആയുർവേദ സമാജത്തിന് സമീപം പുഴയിലെ നൂറ്റാണ്ട് പഴക്കമുള്ള കടവ് ഇത്തരത്തിൽ ഓർമ്മയായി. മുണ്ടായ പ്രദേശത്തും ഇത്തരം കടവുകൾ ഇപ്പോൾ കൈയേറ്റക്കാരുടെ സ്വന്തമായി മാറി. കോടികളുടെ മണലെടുപ്പ് നടത്തിയ മാഫിയ സംഘങ്ങളും കൈയേറ്റത്തിന് പിന്നിലുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.