
മാറ്റുരയ്ക്കും 10,000 പ്രതിഭകൾ
ഇന്ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ
പാലക്കാട്: ജില്ലാ സ്കൂൾ കലോത്സവം ഇന്നുമുതൽ ഒമ്പതുവരെ ബി.ഇ.എം എച്ച്.എസ്.എസ്, ബി.ഇ.എം ജെ.ബി.എസ്, സി.എസ്.ഐ.ഇ.എം.എസ്, സെന്റ് സെബാസ്റ്റ്യൻസ് എസ്.ബി.എസ്, ജി.എൽ.പി.എസ് സുൽത്താൻപേട്ട എന്നിവിടങ്ങളിലായി നടക്കും. 15 പ്രധാന വേദികളും 27 ക്ലാസ് റൂം വേദികളിലുമായി 12 ഉപജില്ലകളിൽ നിന്നായി പതിനായിരത്തോളം കലാപ്രതിഭകൾ 309 ഇനങ്ങളിൽ മത്സരിക്കും.
ഇന്ന് രചനാ മത്സരങ്ങളാണ് നടക്കുക. ബി.ഇ.എം എച്ച്.എസ്.എസിലെ 27 ക്ലാസ് റൂമുകളിലായി നടക്കുന്ന രചനാ മത്സരങ്ങളിൽ 799 പേർ പങ്കെടുക്കും. രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്കുമാർ പതാക ഉയർത്തും. ആറിന് വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനത്തിൽ 62 കലാദ്ധ്യാപകർ സ്വാഗതഗാനം ആലപിക്കും. സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ അരങ്ങുണർത്തും. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ എ.പ്രഭാകരൻ, എൻ.ഷംസുദ്ദീൻ, കെ.മുഹമ്മദ് മുഹ്സിൻ, കെ.പ്രേംകുമാർ, പി.മമ്മിക്കുട്ടി, നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ എന്നിവർ വിശിഷ്ടാതിഥികളാകും.
ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര മുഖ്യപ്രഭാഷണം നടത്തും. ലോഗോ രൂപകല്പന ചെയ്ത സാദത്ത് സമീലിന് സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി ഉപഹാരം നൽകും.
സമാപന സമ്മേളനവും സമ്മാനദാനവും ഒമ്പതിന് വൈകിട്ട് അഞ്ചിന് വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയാകും. രമ്യ ഹരിദാസ് എം.പി സമ്മാനദാനം നിർവഹിക്കും. എം.എൽ.എമാരായ കെ.ശാന്തകുമാരി, കെ.ഡി.പ്രസേനൻ, പി.പി.സുമോദ് എന്നിവർ വിശിഷ്ടാതിഥികളാകും. നടൻ ഷാജു ശ്രീധർ മുഖ്യാതിഥിയാകും.
മത്സരം രാവിലെ 9.30 മുതൽ രാത്രി പത്തുവരെ
മത്സരം രാവിലെ 9.30ന് തുടങ്ങി രാത്രി പത്തോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. പ്രധാന വേദികൾ നാലും ബി.ഇ.എം എച്ച്.എസ്.എസിലാണ്. സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്ന് വേദികളും ബി.ഇ.എം ജൂനിയർ ബേസിക് സ്കൂളിൽ രണ്ടും സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂളിൽ നാലും സെന്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലും സുൽത്താൻപേട്ട ജി.എൽ.പി.എസിലും ഓരോ വേദികളുമാണുള്ളത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കും.
15 വേദികൾ
സ്വാതന്ത്ര്യ സമര നായകരുടെ സ്മരണാർത്ഥം 15 വേദികൾക്കും മഹാത്മ, ജവഹർ, ഉദ്ദം സിംഗ്, ലോകമാന്യ, ഭഗത് സിംഗ്, സർദാർ വല്ലഭായ്, റാണി ലക്ഷ്മി ഭായ്, നേതാജി, മംഗൽ പാണ്ഡെ, ലജ്പത് റായ്, കെ.കേളപ്പൻ, മൗലാനാ ആസാദ്, പഴശിരാജ, കുഞ്ഞാലിമരയ്ക്കാർ, ഗോഖലെ എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ബാന്റ് മേളം എട്ടിന് രാവിലെ 7.30ന് കോട്ടമൈതാനത്താണ്. താമസ സൗകര്യം ആവശ്യമായി വരുന്നവർക്ക് ബിഗ് ബസാർ ഗവ.ഹൈസ്കൂളിൽ ക്രമീകരണം ഏർപ്പെടുത്തും.
ഉച്ചയ്ക്ക് സദ്യയും പായസവും
ശാദി മഹൽ ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. ഉച്ചയ്ക്ക് സമൃദ്ധമായ ഭക്ഷണത്തോടൊപ്പം പായസവും നൽകും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ളതാണ് കലോത്സവം. മീഡിയ സെന്റർ, വിക്ടറി പോയിന്റ്, ട്രോഫി പവിലിയൻ, പ്രഥമ ശുശ്രൂഷ കേന്ദ്രം, ആംബുലൻസ്, കൗൺസിലിംഗ് സെന്റർ എന്നിവ ബി.ഇ.എം സ്കൂളിൽ സജ്ജീകരിക്കും. കലോത്സവ വേദികളുമായി ബന്ധപ്പെട്ട പ്രധാന റോഡുകളിൽ ആവശ്യമായ ട്രാഫിക്, പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തും.