agri

ആലത്തൂർ: കാവശേരി കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ കീടബാധ രൂക്ഷം. രണ്ടാംവിള നടീലും വിതയ്ക്കലും കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ട പാടങ്ങളിലാണ് രോഗം കണ്ടുവരുന്നത്. ആദ്യഘട്ടത്തിൽ നടുനാമ്പ് വാട്ടമാണ് തണ്ടുതുരപ്പൻ ആക്രമണത്തിന്റെ ലക്ഷണം. വാടിയ നടുനാമ്പ് വലിച്ചാൽ ഊരിവരും. ജലക്ഷാമത്തിൽ പൊറുതിമുട്ടിയ കർഷകർക്ക് തണ്ടുതുരപ്പൻ ബാധ വലിയ തലവേദനയായി. ആശങ്കയിലായ കർഷകർക്ക് കൃഷിഭവൻ അധികൃതർ പ്രതിരോധ മാർഗങ്ങളും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

പ്രതിരോധിക്കാം

1. തണ്ടുതുരപ്പന്റെ മുട്ടയുടെ പരാദമായ 'ട്രൈക്കോഗ്രാമ ജപ്പോണിക്കം", ഓലചുരുട്ടിയുടെ മുട്ടകളുടെ പരാദമായ 'ട്രൈക്കോഗ്രാമ കിലോണിസ് " എന്നിവയുടെ മുട്ടകൾ പതിപ്പിച്ച കാർഡുകൾ ജൈവ നിയന്ത്രണത്തിന് പാടത്ത് ഉപയോഗിക്കാം. രണ്ടുകാർഡുകളും ഇടകലർത്തി ഉപയോഗിക്കണം.
2. ഒരേക്കർ പാടത്ത് ഓരോ സി.സി കാർഡ് 10 ചെറുകാർഡുകളാക്കി മുറിച്ച് വിവിധ ഭാഗത്ത് ഓലക്കാലിലോ കമ്പ് നാട്ടിയോ നെല്ലോലകളിൽ സ്റ്റേപ്പിൾ ചെയ്‌തോ വയ്ക്കാം. നെല്ല് വിതച്ച് 20 ദിവസത്തിന് ശേഷമോ കീടത്തിന്റെ ശലഭങ്ങൾ കണ്ടു തുടങ്ങുമ്പോഴോ കാർഡുകൾ വയ്ക്കണം.
3. രണ്ടാഴ്ച ഇടവേളയിൽ നാലുമുതൽ ആറ് തവണയായി കാർഡ് ഉപയോഗിക്കാം. വൈകിട്ടാണ് കാർഡ് വെക്കേണ്ടത്. കാർഡ് വെക്കുന്നതിന് ഒരാഴ്ച മുമ്പും ശേഷവും കീടനാശിനി പ്രയോഗം നടത്താൻ പാടില്ല. ആലത്തൂർ കൃഷിഭവനിൽ മുട്ടക്കാർഡ് ലഭ്യമാണ്.
4. കീടനാശിനി ഉപയോഗം പരമാവധി കുറയ്ക്കണം. അത്യാവശ്യ ഘട്ടത്തിൽ കൂടുതൽ ആക്രമണം കണ്ടുവരുകയാണെങ്കിൽ ഫ്ളുബെൻഡയാമൈഡ് (ഒരേക്കറിന്) ഫെയിം 20 മില്ലി ഉപയോഗിക്കാം.