
ഒറ്റപ്പാലം: പത്തുവർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ സൗജന്യ ഡയാലിസിസുകൾ നടത്തി വൃക്കരോഗികൾക്ക് സാന്ത്വനമാകുകയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രി. ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഡയാലിസിസ് യൂണിറ്റിലൂടെ സൗജന്യ ഡയാലിസിസുകളുടെ എണ്ണം ഒന്നരലക്ഷം കടന്നതിന്റെ കണക്ക് ആശുപത്രിയുടെ അഭിമാന നേട്ടമായി. സംസ്ഥാനത്തു മറ്റൊരു താലൂക്ക് ആശുപത്രിക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടം കൂടിയാണിത്.
മന്ത്രി എം.ബി.രജേഷ് എം.പിയായിരിക്കെ 2013ലാണ് ഏഴ് ഡയാലിസിസ് മെഷീനുമായി സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. ഡയാലിസിസ് മെഷീനുകളുടെ എണ്ണം ഇന്ന് 24 ആണ്. നിലവിൽ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന യൂണിറ്റിൽ സ്ത്രീകൾക്കായി പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു. മൂന്ന് ഷിഫ്റ്റുകളിലായി പ്രതിദിനം ശരാശരി 55 പേർക്ക് ഡയാലിസിസ് സേവനം നൽകിവരുന്നു. സ്വകാര്യ മേഖലയിൽ ഒരു ഡയാലിസിസിന് ഏകദേശം 3000രൂപയിലേറെ ചെലവ് വരും. ഒറ്റപ്പാലം നഗരസഭയുടെ പദ്ധതിവിഹിതവും വിവിധ സർക്കാർ പദ്ധതികളും പ്രയോജനപ്പെടുത്തിയാണു സൗജന്യ യൂണിറ്റിന്റെ പ്രവർത്തനം.
 ഊഴം കാത്ത് 190 പേർ
ഡയാലിസിസിന് 190 പേർ ഊഴം കാത്തിരിക്കുകയാണ്. ഇവർക്കു കൂടി അവസരം നൽകണമെങ്കിൽ ഒരു ഷിഫ്റ്റ് കൂടി തുടങ്ങേണ്ടി വരും. ഇതിനായി സ്റ്റാഫ് നഴ്സ് മുതൽ ടെക്നീഷ്യൻസ് വരെ എണ്ണം കൂട്ടണം. നാല് ഷിഫ്റ്റുകളായി വിപുലീകരിക്കാനായാൽ പ്രതിദിനം ശരാശരി 90 പേർക്ക് സൗജന്യ സേവനം ലഭ്യമാക്കാം.